അപേക്ഷകയെ കേൾക്കാതെ വിവരാവകാശ അപ്പീൽ തീർപ്പാക്കിയത് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: അപേക്ഷകയെ കേൾക്കാതെ വിവരാവകാശ നിയമപ്രകാരമുള്ള അപ്പീൽ തീർപ്പാക്കിയ സംസ്ഥാന വിവരാവകാശ കമീഷൻ നടപടി ഹൈകോടതി റദ്ദാക്കി. മനപ്പൂർവം തെറ്റായ വിവരമോ അപൂർണമായ വിവരമോ നൽകിയെന്ന് തെളിയിക്കാത്തപക്ഷം വിവരദാതാവിന് ശിക്ഷ വിധിക്കാനാവില്ലെന്നും ജസ്റ്റിസ് സതീഷ് നൈനാൻ വ്യക്തമാക്കി.
2016ലെ പ്ലസ് ടു പരീക്ഷയിൽ പാലക്കാട് ജി.എം.എം ജി.എച്ച്.എസ്.എസിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥിയുടെ പേരും ഗ്രേസ് മാർക്ക് ഒഴിവാക്കി എത്ര മാർക്ക് കിട്ടിയെന്നതും ആവശ്യപ്പെട്ട് പാലക്കാട് സ്വദേശിനി ശ്യാമളകുമാരി വിവരാവകാശ നിയമപ്രകാരം നൽകിയ അപ്പീൽ തീർപ്പാക്കിയതുമായി ബന്ധപ്പെട്ട ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. വിധി റദ്ദാക്കിയ കോടതി, അപേക്ഷകയെക്കൂടി കേട്ടശേഷം അപ്പീലിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ടു. 1200ൽ 1193 മാർക്ക് നേടിയ കുട്ടിയാണ് ഉയർന്ന മാർക്ക് വാങ്ങിയത് എന്നല്ലാതെ ഹരജിക്കാരി ആവശ്യപ്പെട്ട ഉത്തരങ്ങൾ സ്കൂൾ അധികൃതർ നൽകിയിരുന്നില്ല. തുടർന്ന് നൽകിയ അപ്പീൽ, ഉത്തരങ്ങൾ കൈമാറാതിരുന്നത് മനപ്പൂർവമല്ലെന്ന് വിലയിരുത്തി സംസ്ഥാന വിവരാവകാശ കമീഷണർ തീർപ്പാക്കി. ഇതിനെതിരെയാണ് ശ്യാമളകുമാരി ഹൈകോടതിയെ സമീപിച്ചത്.
തന്നെ കേൾക്കാതെയുണ്ടായ വിധി റദ്ദാക്കണമെന്നും ശരിയായ ഉത്തരം നൽകാത്തതിനാൽ ഉദ്യോഗസ്ഥനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. അപൂർണവിവരം നൽകിയത് മനപ്പൂർവമല്ലെന്നിരിക്കെ ശിക്ഷാനടപടി സ്വീകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നാണ് പരാതിക്കാരിയെക്കൂടി കേട്ട് അപ്പീൽ വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.