നീതി വീണ്ടും ഡോ. ജാനറ്റിനൊപ്പം; പ്രിൻസിപ്പൽ നിയമന അപേക്ഷ നിരസിച്ച നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കോടതി ശരിവെച്ചിട്ടും എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിലെ സംശയം ചൂണ്ടിക്കാട്ടി നഴ്‌സിങ് കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള അപേക്ഷ നിരസിച്ച നടപടി ഹൈകോടതി റദ്ദാക്കി. പെരിന്തൽമണ്ണ സ്വദേശിനി ഡോ. ജാനറ്റിന്‍റെ അപേക്ഷ നിരസിച്ച സി-മെറ്റ് (സ്റ്റേറ്റ് ഇൻസ്റ്റിറ്റ‌്യൂട്ട് ഒഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി) അധികൃതരുടെ നടപടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്. ജാനറ്റിന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടിയെടുക്കാനും കോടതി നിർദേശിച്ചു. അപേക്ഷക്കൊപ്പം ഹാജരാക്കിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നതാണ്.
മംഗലാപുരത്തെ ഒരു നഴ്‌സിങ് കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജാനറ്റ് സർക്കാർ സർവിസിൽ നഴ്‌സായി ജോലിക്കു പ്രവേശിച്ചത്. കോളജിൽ ഒരുവർഷത്തെ സർവിസ് ബോണ്ട് പൂർത്തിയാക്കി സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. പിന്നീട് സി-മെറ്റിനു കീഴിലെ നഴ്‌സിങ് കോളജിൽ പ്രിൻസിപ്പലായി നിയമനം ലഭിച്ചെങ്കിലും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കി.
തുടർന്ന് നൽകിയ ഹരജിയിൽ നഴ്‌സിങ് പഠനം പൂർത്തിയാകുന്നതിനു മുമ്പ് സർക്കാർ സർവിസിൽ ജോലി ലഭിച്ചതിനാൽ അടുത്ത അഞ്ചു വർഷത്തിനിടെ തനിക്കു സൗകര്യപ്രദമായ രീതിയിൽ സർവിസ് ബോണ്ട് പൂർത്തിയാക്കാൻ മംഗലാപുരത്തെ കോളജ് അധികൃതർ അനുവദിച്ചതാണെന്നും സാമ്പത്തിക നേട്ടമില്ലാതെ പലപ്പോഴായാണ് സർവിസ് പൂർത്തിയാക്കിയതെന്നും വിശദീകരിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടത്.
സമാന ഒഴിവുണ്ടാകുമ്പോൾ ഹരജിക്കാരിയുടെ അപേക്ഷ പരിഗണിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, മലമ്പുഴ കോളജിലെ പ്രിൻസിപ്പൽ ഒഴിവിലേക്ക് നൽകിയ അപേക്ഷ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറഞ്ഞു നിരസിച്ചതിനെ തുടർന്നാണ് ഹരജിക്കാരി വീണ്ടും കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.