ഹൈറിച്ച് സ്വത്ത് കണ്ടുകെട്ടൽ: പ്രത്യേക കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: തൃശൂർ ആസ്ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ സ്വത്തുവകകൾ ബഡ്സ് ആക്ട് പ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തിയ തൃശൂർ പ്രത്യേക കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. താൽക്കാലിക കണ്ടുകെട്ടൽ 60 ദിവസത്തിനകം ബന്ധപ്പെട്ട കോടതി മുഖേന സ്ഥിരപ്പെടുത്തണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ജി. അജിത് കുമാർ വിചാരണ പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. പ്രത്യേക കോടതി ഉത്തരവ് ചോദ്യംചെയ്ത് ഹൈറിച്ച് ഡയറക്ടർമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
താൽക്കാലിക കണ്ടുകെട്ടൽ സ്ഥിരപ്പെടുത്താനും വസ്തുവകകൾ വിൽപനക്ക് അനുവദിക്കാനും ആവശ്യപ്പെട്ട് 71ാം ദിവസമാണ് സർക്കാർ ഹരജി നൽകിയതെന്നും കാലയളവ് പരിധിയിൽ ഇളവനുവദിക്കാൻ ബന്ധപ്പെട്ട കോടതിക്ക് അധികാരമില്ലെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി. അതേസമയം, സ്വത്ത് ജപ്തി ചെയ്യാനുള്ള നടപടികൾ വീണ്ടും സ്വീകരിക്കാൻ സർക്കാറിന് തടസ്സമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈറിച്ചിനെതിരായ വ്യാപക പരാതിയെതതുടർന്ന് ചേർപ്പ് പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബഡ്സ് ആക്ട് പ്രകാരം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്തത്. ജപ്തി സ്ഥിരപ്പെടുത്താൻ 30 ദിവസത്തിനകമോ പരമാവധി 60 ദിവസത്തിനകമോ ബഡ്സ് ആക്ട് പ്രകാരമുള്ള പ്രത്യേക കോടതിയിൽ അപേക്ഷ നൽകണമെന്നാണ് ചട്ടം. ജപ്തി നടപടി റദ്ദാക്കിയതിനാൽ കണ്ടുകെട്ടൽ ഒഴിവാക്കാൻ ഹരജിക്കാർക്ക് പ്രത്യേക കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.