കെ.ടി.യു വി.സി നിയമനം സ്റ്റേ ചെയ്യില്ല; വെള്ളിയാഴ്ച വിശദ വാദം കേൾക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള സാങ്കേതിക സർവകലാശാലയിലെ (കെ.ടി.യു) വി.സി നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാറിന്റെ ആവശ്യം ഹൈകോടതി തള്ളി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.
സർവകലാശാലയിൽ നിയമവിരുദ്ധമായാണ് ചാൻസലർ കൂടിയായ ഗവർണർ വി.സി നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് സർക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്. ചാൻസലറെ ഒന്നാം എതിർകക്ഷിയാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീ. സെക്രട്ടറി സി. അജയനായിരുന്നു ഹരജി നൽകിയത്. കെ.ടി.യു ആക്ട് പ്രകാരം വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ പ്രോ വൈസ് ചാൻസലർക്കോ മറ്റേതെങ്കിലും വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടമെന്നിരിക്കെ, നിയമവിരുദ്ധമായാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്‍റ് ഡയറക്ടർ സിസ തോമസിന് വി.സിയുടെ ചുമതല നൽകിയതെന്ന് ആരോപിച്ചായിരുന്നു ഹരജി.
വി.സിയുടെ പേര് ശിപാർശ ചെയ്യാനുള്ള അവകാശം സർക്കാറിനാണെന്ന് എ.ജി വാദിച്ചു. എന്നാൽ താൽക്കാലിക നിയമനങ്ങൾ പോലും യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചേ നടപ്പാക്കാനാകൂവെന്ന് ഗവർണറുടെ അഭിഭാഷകൻ ഓർമിപ്പിച്ചു.
തുടർന്ന് യു.ജി.സിയെക്കൂടി ഹരജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശം നൽകി. ഇടക്കാല ഉത്തരവ് വേണമെന്ന് എ.ജി ആവശ്യപ്പെട്ടെങ്കിലും നിയമനം ഇപ്പോൾ സ്‌റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിയമിക്കപ്പെട്ടയാളെ വെറുതെ ഇറക്കിവിടാനാകില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച സമാനമായ മറ്റൊരു കേസുകൂടിയുണ്ടെന്നും അതോടൊപ്പം ഈ കേസുകൂടി വിശദമായി വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. ഹരജിയില്‍ ചാന്‍സലര്‍ക്ക് ഹൈകോടതി നോട്ടീസയച്ചു. സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 12ന് ചുമതലയേറ്റ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി ഒക്ടോബർ 21ന് സുപ്രീംകോടതി ഉത്തരവുണ്ടായതിനെ തുടർന്നാണ് ഈ പദവിയിൽ ഒഴിവുണ്ടായത്. പിറ്റേന്നുതന്നെ കേരള ഡിജിറ്റൽ സർവകലാശാല ചെയർമാൻ സജി ഗോപിനാഥിന് താൽക്കാലിക ചുമതല നൽകാൻ ഗവർണർക്ക് സർക്കാർ കത്ത് നൽകി.
എന്നാൽ, ഇത് അദ്ദേഹം അംഗീകരിച്ചില്ല. തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വി.സിയുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകി. ഇതിനോട് പ്രതികരിക്കുക പോലും ചെയ്യാതെ തിരുവനന്തപുരം എൻജിനീയറിങ് കോളജിലും ഗവ. എൻജിനീയറിങ് കോളജിലുമുള്ള 10 വർഷത്തിലധികം സർവിസുള്ള പ്രഫസർമാരുടെ പട്ടിക രാജ്ഭവനിൽനിന്ന് ഒക്ടോബർ 26ന് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് ഡോ. സിസ തോമസിന് ചുമതല നൽകി ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.