ശബരിമല ദർശനത്തിന് 11കാരി നൽകിയ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: ശബരിമല ദർശനത്തിന് അനുമതി തേടുന്ന 11 വയസ്സുകാരിയുടെ ഹരജി ഹൈകോടതി തള്ളി. ശബരിമല കേസിലെ റിവ്യൂ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. ബംഗളൂരുവിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയുടെ മകളായ 2013 ജൂൺ അഞ്ചിന് ജനിച്ച ഹരജിക്കാരി നേരത്തേ ശബരിമല സന്ദർശനത്തിന് ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾമൂലം സാധ്യമായില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്താൻ കുട്ടിക്ക് വേണ്ടി പിതാവ് ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും പത്തുവയസ്സ് കഴിഞ്ഞതിനാൽ നിരാകരിച്ചു. തിരുവിതാംകൂർ ദേവസ്വത്തിന് നൽകിയ അപേക്ഷയിലും തീരുമാനമുണ്ടായില്ല. തുടർന്നാണ് ഋതുമതിയായിട്ടില്ലാത്തതിനാൽ പത്തുവയസ്സെന്ന പരിധിവെക്കരുതെന്ന വാദമുന്നയിച്ച് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയിൽ റിവ്യൂ ഹരജികൾ നിലവിലുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് എതിർസത്യവാങ്മൂലം നൽകിയത്. മണ്ഡലകാലം കഴിഞ്ഞതിനാൽ ഹരജിക്ക് പ്രസക്തിയില്ലെന്നും വ്യക്തമാക്കി. എന്നാൽ, മാസപൂജ ദർശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി ഉപഹരജി നൽകി. എന്നാൽ, റിവ്യൂ ഹരജി തീർപ്പാകാത്ത സാഹചര്യം വ്യക്തമാക്കിയ കോടതി ഹരജി തള്ളി.
അതേസമയം, ഹരജിക്കാരി മുന്നോട്ടുവെച്ച നിയമപരവും വസ്തുതാപരവുമായ വാദങ്ങൾ പരിഗണനക്ക് തുറന്നുവെക്കുന്നതായും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.