എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: വധശ്രമം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. 2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രി വീട്ടിൽകയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ജാമ്യഹരജി തള്ളിയത്.
2019 ജനുവരി 22ന് ഈ കേസിൽ അറസ്റ്റിലായി ഹൈകോടതി ജാമ്യം അനുവദിച്ചതാണ്. എന്നാൽ, ജാമ്യത്തിൽ ഇറങ്ങിയ ശേഷം 12 ക്രിമിനൽ കേസുകളിൽ പങ്കാളിയായെന്ന് കണ്ടെത്തിയ കോടതി ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി. ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും ഒളിവിലാണെന്ന കാരണം പറഞ്ഞ് അറസ്റ്റ് നീണ്ടു. ഇതിനിടെ മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുകയും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ. ഷാജഹാൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ്. അന്ന് മുതൽ ജുഡീഷ്യൽ റിമാൻഡിലാണ്.
ആദ്യതവണ 56 ദിവസം റിമാൻഡിൽ കഴിഞ്ഞതാണെന്നും ഇതുവരെ അന്തിമ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ജൂൺ 12ന് വീണ്ടും അറസ്റ്റിലായ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. സിറ്റി ക്രൈംബ്രാഞ്ചിന് ജൂൺ പത്തിന് അന്വേഷണം കൈമാറിയിരിക്കുകയാണെന്നും പൂർത്തിയാകാൻ സമയമെടുക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ അറിയിച്ചത്.
എന്നാൽ, ആദ്യം ജാമ്യം ലഭിച്ചതാണെന്നും വ്യവസ്ഥ ലംഘനത്തെ തുടർന്ന് റദ്ദാക്കിയതിനെ തുടർന്നാണ് വീണ്ടും റിമാൻഡിലായതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ കേസിൽ കക്ഷിചേർന്നു. അറസ്റ്റിലാകുന്നതിന്‍റെ രണ്ടു ദിവസം മുമ്പ് മാത്രം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് കോടതിയെ വഞ്ചിച്ച് ജാമ്യം സംഘടിപ്പിക്കാനാണ്. ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനയുടെ സംസ്ഥാന നേതാവായതിനാൽ രാഷ്ട്രീയ സ്വാധീനമുണ്ട്. അറസ്റ്റിനുശേഷം ജയിൽ പരിസരത്തുപോലും ആഘോഷപൂർവം യാത്രയയപ്പ് സംഘടിപ്പിക്കാൻ പൊലീസ് ഒത്താശ ചെയ്തു. ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യത്തിൽ ഏർപ്പെടുമെന്നും ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
സ്വാഭാവിക ജാമ്യം ലഭിക്കാൻ അർഹതയുള്ള സാധാരണ റിമാൻഡ് പ്രതിക്ക് സമാനനല്ല ഹരജിക്കാരനെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം 12 ക്രിമിനൽ കേസിൽ പ്രതിയായതിനാലാണ് ജാമ്യം റദ്ദാക്കപ്പെട്ടത്. 2018ൽ നടന്ന കുറ്റകൃത്യത്തിൽ നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതിൽ കോടതി അത്ഭുതം രേഖപ്പെടുത്തി. നിയമപരമായ സ്വാഭാവിക ജാമ്യം അനുവദിക്കുന്നതാണ് പരിഗണിച്ചതെന്നും മറ്റേതെങ്കിലും കാരണത്താൽ ജാമ്യം തേടി കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ലെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.