ആരോഗ്യ മന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്: ലെനിൻരാജിന്‍റെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ പി.എ ചമഞ്ഞ് മെഡിക്കല്‍ ഓഫിസര്‍ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി എ.കെ. ലെനിൻരാജിന്‍റെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഹരജിക്കാരനടക്കം പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കേസിന്‍റെ ഗൗരവവുമടക്കം പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.
മരുമകൾക്ക് നിയമനം വാഗ്ദാനം ചെയ്ത് ഹരിദാസ് എന്നയാളിൽനിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യത്തിന് ലെനിൻരാജ് ഹരജി നൽകിയത്. പരാതിക്കാരന്‍റെ സ്വാധീനം ഉപയോഗിച്ച് തെറ്റായി പ്രതിചേർത്തതാണെന്നും അഭിഭാഷകനെന്ന നിലയിൽ പ്രതിഫലം വാങ്ങുന്നതല്ലാതെ മറ്റ് ഇടപാടുകളിൽ താൻ പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
എന്നാൽ, മന്ത്രിയുടെ പി.എ ചമഞ്ഞ ഒന്നാം പ്രതിയുമായി ചേർന്ന് ഒട്ടേറെ പേരെ ഇയാൾ കബളിപ്പിച്ചിട്ടുള്ളതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിക്കെതിരെ പത്ത് ക്രിമിനൽ കേസുകളും ഹരജിക്കാരനെതിരെ ഒരു കേസും നിലവിലുണ്ട്. ഹരജിക്കാരന്‍റെയും മറ്റ് പ്രതികളുടേയും അക്കൗണ്ടിലേക്ക് ഹരിദാസ് പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ച കോടതി, ഗൗരവമുള്ള ആരോപണമാണിതെന്നും മുൻകൂർ ജാമ്യത്തിന് ഹരജിക്കാരന് അർഹതയില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.