വിമാനങ്ങളിൽ ഇന്ധനം നിറക്കുന്ന യുവഎൻജിനീയർമാരെ കഞ്ചാവ് കേസിൽ കുടുക്കി; വിവാഹം മുടങ്ങി, ഒടുവിൽ നിരപരാധികളെന്ന് ഹൈകോടതി
text_fieldsകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിെല മൂന്ന് യുവ എൻജിനീയർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കഞ്ചാവുകേസ് ഹൈകോടതി റദ്ദാക്കി. വിമാനങ്ങളിൽ ഇന്ധനം നിറക്കുന്ന ചുമതലയിലുണ്ടായിരുന്ന ബംഗളൂരു സ്വദേശി റിഷ്വന്ത് റെഡ്‌ഡി, തമിഴ്നാട് സ്വദേശികളായ എസ്. ജഗദീശൻ, ഭരത് എന്നിവർക്കെതിരെ ആലുവയിലെ എക്സൈസ് സർക്കിൾ ഒാഫിസ് രജിസ്റ്റർ ചെയ്ത കേസാണ് വ്യാജമെന്ന് കണ്ടെത്തി ജസ്റ്റിസ് കെ. ഹരിപാൽ റദ്ദാക്കിയത്.
ജോലിക്കുവേണ്ടി നെടുമ്പാശ്ശേരിയിലെത്തിയ മൂന്നുയുവാക്കളെ കള്ളക്കേസിൽ കുടുക്കിയത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസെടുത്തതോടെ വിവാഹാലോചന മുടങ്ങിയതടക്കം ഇവർക്കും കുടുംബത്തിനുണ്ടായ നഷ്ടവും മാനസികാഘാതവും പരിഹരിക്കാനാവാത്തതാണെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
2019 ജൂൺ 15ന് 13 ഗ്രാം കഞ്ചാവുമായി മൂന്നുപേരെയും പിടികൂടിയെന്നാണ് കേസ്. എന്നാൽ, ഇന്ധനം നിറക്കാൻ നിയോഗിച്ച കരാറുകാരെ മാറ്റി തങ്ങളെ നിയമിച്ചതിനെത്തുടർന്ന് ഗൂഢാലോചനയുടെ ഫലമായി എടുത്ത കള്ളക്കേസാണിതെന്ന് ചൂണ്ടിക്കാട്ടി എൻജിനീയർമാർ ഹൈകോടതിയെ സമീപിച്ചു. ഇത് കള്ളക്കേസാണെന്നും കുറ്റക്കാർക്കെതിരെ നടപടി ആരംഭിച്ചെന്നും അഡീഷനൽ എക്സൈസ് കമീഷണറും റിപ്പോർട്ട് നൽകി. ഇൗ വാദങ്ങൾ കണക്കിലെടുത്താണ് റദ്ദാക്കിയത്.
ഹൈകോടതി നിർദേശം പാലിക്കാതെ വിചാരണക്കോടതിയിൽ കുറ്റപത്രം നൽകിയ മുൻ അസിസ്റ്റൻറ് എക്സൈസ് കമീഷണർ (എൻഫോഴ്സ്‌മെൻറ്) ടി.എസ്. ശശികുമാറിന് കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകാനും ഉത്തരവിട്ടു. സർവിസിൽനിന്ന് വിരമിച്ച ശശികുമാറിന് നിലവിലെ അസിസ്റ്റൻറ് എക്സൈസ് കമീഷണർ വഴി നോട്ടീസ് നൽകാനും 15 ദിവസത്തിനകം മറുപടി ലഭ്യമാക്കാനുമാണ് നിർദേശം. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.