മഹല്ല് അംഗങ്ങളെ ഊരുവിലക്കൽ: മൗലികാവകാശ ലംഘനമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുസ്ലിം മഹല്ല് ജമാഅത്തിന് കീഴിലെ അംഗങ്ങൾക്ക് ഭരണസമിതി ഊരുവിലക്ക് കൽപിക്കുന്നത് നിയമവിരുദ്ധവും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹൈകോടതി. ഊരുവിലക്ക് നടത്താനുള്ള അധികാരം വഖഫ് നിയമപ്രകാരം മഹല്ല് കമ്മിറ്റികൾക്കില്ല. വഖഫ് നിയമത്തിനും ജമാഅത്തിന്റെ നിയമാവലിക്കും അനുസരിച്ച് വേണം മഹല്ല് ഭരണം നടത്തേണ്ടത്. പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ഊരുവിലക്കുകൾ മഹല്ലുകളിൽ പാടില്ലെന്നും ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് എ. ബദറുദ്ദീൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തനിക്കെതിരായ മഹല്ല് ഭരണസമിതിയുടെ അപ്രഖ്യാപിത ഊരുവിലക്ക് ചോദ്യം ചെയ്ത് പാലക്കാട് ഒറ്റപ്പാലം പട്ടിത്തറ സ്വദേശി പി.വി. കാസിം നൽകിയ ഹരജി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
കാക്കാട്ടിരി ജുമാമസ്ജിദ് മഹല്ല് അംഗമായ കാസിമിനെ മഹല്ല് ഭരണകൂടം ഊരുവിലക്കിയതായി ചൂണ്ടിക്കാട്ടി വഖഫ് ബോർഡിനെ സമീപിച്ചെങ്കിലും ഇതുസംബന്ധിച്ച രേഖകൾ നിലവിലില്ലാത്തത് കണക്കിലെടുത്തും ഇപ്പോഴും ഹരജിക്കാരൻ മഹല്ല് അംഗമാണെന്ന മഹല്ല് ഭരണസമിതിയുടെ വാദം പരിഗണിച്ചും 2015 ജൂലൈ 27ന് പരാതി തള്ളി. തുടർന്ന്, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഭരണസമിതിയുടെ വാദം രേഖപ്പെടുത്തി തീർപ്പാക്കി. മസ്ജിദിലെ നിത്യ സന്ദർശകനാണെന്നും പ്രാർഥനകളിൽ പങ്കെടുക്കാറുണ്ടെന്നുമുള്ള എതിർകക്ഷികളുടെ വാദവും ഉത്തരവിന് കാരണമായി. എന്നാൽ, പരോക്ഷമായി തന്റെ അവകാശങ്ങൾ കവർന്നെടുത്തതായും അംഗമെന്ന നിലയിലുള്ള തന്റെ അന്തസ്സിന് ഇടിവുപറ്റിയതിനാൽ ജമാഅത്തിൽ തുടരാൻ ബുദ്ധിമുട്ടുള്ളതായും ചൂണ്ടിക്കാട്ടി ട്രൈബ്യൂണൽ ഉത്തരവ് പുനഃപരിശോധിക്കാൻ ഹരജിക്കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, വഖഫ് ബോർഡ് എന്നിവരെയടക്കം എതിർകക്ഷികളാക്കിയാണ് ഹരജി നൽകിയത്.ഹരജിക്കാരന്റെ ആരോപണം മഹല്ല് ഭരണസമിതി കോടതിയിലും നിഷേധിച്ചു. എന്നാൽ, ഹരജിക്കാരൻ ജമാഅത്തെ ഇസ്ലാമി ആശയക്കാരനാണെന്ന ട്രൈബ്യൂണൽ ഉത്തരവിന്റെ പത്താം ഖണ്ഡിക പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിഷയത്തിൽ ഹരജിക്കാരുടെയും ഭരണ സമിതിയുടേതും ആശയപരമായ ഭിന്നിപ്പ് അടങ്ങിയിട്ടുണ്ടെന്നും പ്രഖ്യാപിത ഊരുവിലക്കിന് രേഖകളില്ലെങ്കിലും ഹരജിക്കാരനെതിരെ ഒരു ഉപരോധം നിലവിലുള്ളതായി വിലയിരുത്തി. എതിർകക്ഷികളുടെ വാദം അംഗീകരിക്കുന്നെങ്കിലും ഈ ഉപരോധത്തെ പരോക്ഷ ഊരുവിലക്കായി കണക്കാക്കാമെന്നും ചൂണ്ടിക്കാട്ടി. ഉൗരുവിലക്ക് സംബന്ധിച്ച എന്തെങ്കിലും വ്യവസ്ഥകൾ വഖഫ് നിയമത്തിലോ മഹല്ല് നിയമാവലിയിലോ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതിലോ ഉണ്ടെങ്കിൽ അതും നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരനെതിരെ ഊരുവിലക്ക് തുടരരുതെന്ന് നിർദേശിച്ച കോടതി ട്രൈബ്യൂണൽ ഉത്തരവിൽ ഭേദഗതി വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.