വിരമിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ദുരിതം ആരും കാണുന്നില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിരമിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ദുരിതം ആരും കാണാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈകോടതി. പെൻഷൻകാരുടെ സങ്കടം കാണാതിരിക്കാനാകില്ല. അവർ എങ്ങനെ കഴിയും എന്നത് മാത്രം ആരും വിശദീകരിക്കുന്നില്ല.
സംഘടിതരല്ലാത്തതിനാൽ മൗനമായി അവർ ദുരിതമെല്ലാം അനുഭവിക്കുകയാണ്. പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ മൂന്ന് വർഷം വരെ അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം. പെൻഷൻ ആനുകൂല്യം വൈകുന്നതിനെതിരെ വിരമിച്ച ജീവനക്കാരുടെ ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്ത് രോഗികളായവരാണ് ജീവനക്കാരിലേറെയുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാനാകുമെന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി ഇതുവരെ മറുപടി നൽകിയിട്ടില്ല.
മതിയായ വരുമാനമില്ലെന്ന പരാതിയാണ് അവർ ഉന്നയിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫണ്ട് സൂക്ഷിക്കേണ്ട കാര്യത്തിലും വ്യക്തത വരുത്തുന്നില്ല. പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ പരമാവധി ആറുമാസം വരെയേ അനുവദിക്കാനാകു. അതും താൽക്കാലികമായി മാത്രമേ സാധ്യമാകൂവെന്നും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.