വീട്ടിലേക്കും സ്ഥാപനത്തിലേക്കുമുള്ള പ്രവേശനത്തിന് പാർക്കിങ് തടസ്സമാകരുത് -ഹൈകോടതി
text_fieldsകൊച്ചി: തടസ്സമില്ലാതെ സ്വന്തം വീട്ടിലേക്കും വാണിജ്യ സ്ഥാപനത്തിലേക്കുമുള്ള പ്രവേശനം എല്ലാ പൗരന്മാരുടെയും മൗലിക അനിവാര്യതയാണെന്ന് ഹൈകോടതി. പ്രവേശനം തടയുന്ന രീതിയിൽ പാർക്കിങ് അടക്കം തടസ്സങ്ങളുണ്ടായാൽ അധികൃതർ നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അയൽവാസിയുടെ കെട്ടിടത്തിന് മുന്നിലെ പാർക്കിങ് തന്‍റെ വീട്ടിലേക്കുള്ള പ്രവേശനം തടയുന്നുവെന്ന് ആരോപിച്ച് എറണാകുളം ചേരാനല്ലൂർ സെന്‍റ് മേരീസ് ചർച്ചിനുസമീപം താമസിക്കുന്ന എൻ.ജെ. ജയിംസ് നൽകിയ ഹരജിയിലാണ് നിരീക്ഷണം. ഹരജിക്കാരന്‍റെ വീടിനുമുന്നിലെ തടസ്സങ്ങൾ എത്രയും വേഗം നീക്കിയെന്ന് ഉറപ്പുവരുത്താൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശവും നൽകി.
70 വയസ്സിലേറെയുള്ള തന്നോട് ശത്രുതാമനോഭാവത്തോടെയാണ് കെട്ടിട ഉടമ പെരുമാറുന്നതെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അനധികൃതമായാണ് തന്‍റെ വീടിനുമുന്നിൽ കെട്ടിടം നിർമിച്ചത്. ഇതിനുമുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം തന്‍റെ വഴിയവകാശം തടയപ്പെടുന്നു.
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പരാതി വസ്തുതാപരമല്ലെന്ന് പല അന്വേഷണത്തിലും തെളിഞ്ഞതാണെന്നായിരുന്നു കെട്ടിട ഉടമയുടെ വാദം. പൊലീസ് അന്വേഷിച്ച് പരാതി തീർപ്പാക്കിയതാണെന്ന മറുപടിയാണ് സർക്കാറും നൽകിയത്.
എന്നാൽ, നിയമം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെങ്കിൽ നടപടിയെടുക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് കോടതി ഓർമിപ്പിച്ചു. ഹരജിയിലെ ആവശ്യം അംഗീകരിക്കാതിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.