കേരളവർമ കോളജ് തെരഞ്ഞെടുപ്പിൽ അപാകതയെന്ന് ഹൈകോടതി: ‘അസാധു വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായതെങ്ങനെ?’
text_fieldsകൊച്ചി: തൃശ്ശൂർ കേരളവർമ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അപാകതയുള്ളതായി ഹൈകോടതി. അസാധു വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായതെങ്ങനെയെന്ന് കോടതി ആരാഞ്ഞു.
റീ കൗണ്ടിങ്ങിൽ ക്രമക്കേടുണ്ടെന്നും ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർഥിയായിരുന്ന എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ടി.ആർ. രവി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചതായി ആദ്യം പ്രഖ്യാപിച്ചെന്നും എന്നാൽ റീ കൗണ്ടിങ്ങിൽ ക്രമക്കേടിലൂടെ എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്.
റീകൗണ്ടിങ് നടത്താൻ റിട്ടേണിങ് ഓഫിസർക്ക് തീരുമാനിക്കാമെന്നിരിക്കേ ഇതിനായി കോർ കമ്മിറ്റിയുണ്ടാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ഹാജരാക്കിയ പട്ടികയനുസരിച്ചു പ്രിൻസിപ്പൽ കോർ കമ്മിറ്റിയുടെ ഭാഗമായി കാണുന്നില്ല. എന്നാൽ, ഒപ്പിട്ടവരിൽ പ്രിൻസിപ്പലുമുണ്ട്. ആദ്യത്തെ പട്ടികയിൽ നോട്ട 19 ആണ്. അതെങ്ങനെ 18 ആയി കുറഞ്ഞു.
റീ കൗണ്ടിങ്ങിൽ അസാധുവായ വോട്ടുകൾ സാധുവാക്കാനോ സാധുവായ വോട്ടുകൾ അസാധുവാക്കാനോ കഴിയില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഹർജിക്കാർ ആദ്യം വൈസ് ചാൻസലറെയാണ് സമീപിക്കേണ്ടതെന്ന് സർവകലാശാലയ്ക്കായി ഹാജരായ അഡ്വ. പി.സി. ശശിധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.