ത്വലാഖും പുനർവിവാഹവും തടയാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുസ്ലിം ഭർത്താക്കൻമാർക്ക് നിയമപരമായി ത്വലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശമടക്കം തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ഹൈകോടതി. വ്യക്തി നിയമം അനുവദിച്ചിരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് കോടതികൾ ഒരാളെ തടയുന്നത് ഭരണഘടനയുടെ 25-ാം അനുഛേദ പ്രകാരമുള്ള അവകാശ നിഷേധമാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
അന്തിമ ത്വലാഖ് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്ന ഭാര്യയുടെ ഹരജി അനുവദിച്ച കുടുംബ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഒന്നും രണ്ടും ത്വലാഖ് ചൊല്ലിക്കഴിഞ്ഞ് അന്തിമ ത്വലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹരജിയിൽ ഇത് തടഞ്ഞ് കുടുംബ കോടതി ഉത്തരവിട്ടത്. മറ്റൊരു ഹരജി പരിഗണിച്ച് വിവാഹവും തടഞ്ഞു. മതപരമായ വിശ്വാസം സ്വീകരിക്കാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
വ്യക്തിനിയമ പ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അത് നിർവഹിക്കുന്നത് തടയാൻ കോടതികൾക്ക് കഴിയില്ല. നടപടികളിൽ വ്യക്തി നിയമം പാലിച്ചിട്ടില്ല എന്ന വാദം ഉയർത്താമെങ്കിലും എല്ലാ നടപടികൾക്കും ശേഷം മാത്രമേ ഇത് സംബന്ധിച്ച നിയമ സാധുത പരിശോധിക്കാനാവൂ. ഹരജിക്കാരൻ മൂന്നാം ത്വലാഖ് പൂർത്തിയാകാത്തതിനാൽ വിവാഹ മോചനം നിലവിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടലിനുള്ള അധികാരപരിധി ചെറുതാണ്.
അതിനാൽ, ഹരജിക്കാരനെതിരായ കോടതി ഉത്തരവ് നിർഭാഗ്യകരമാണ്. ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തി നിയമ പ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോൾ അതു പ്രകാരം നടപടികൾ അനുവദിക്കാതിരിക്കാൻ കോടതിക്കാവില്ല. അധികാര പരിധി ലംഘിക്കുന്നതാണ് കുടുംബ കോടതി ഉത്തരവെന്നതിനാൽ റദ്ദാക്കുന്നതായി ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
നിയമപരമായല്ല നടപടിക്രമങ്ങൾ നടത്തിയതെന്ന് പരാതിയുണ്ടെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പരാതിക്കാരിക്ക് ഉചിതമായ സമയത്ത് ഉചിതമായ കോടതിയെ സമീപിച്ച് പരിഹാരം കാണാമെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.