കേന്ദ്ര സഹായത്തിന് കാക്കാതെ വയനാട് പുനർനിർമാണ പ്രവർത്തനം തുടങ്ങണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേന്ദ്ര സഹായത്തിന് കാത്തുനിൽക്കാതെ വയനാട് ഉരുൾദുരന്ത മേഖലയിലെ പുനരധിവാസ, പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിക്കണമെന്ന് ഹൈകോടതി. 2000 കോടിയുടെ പ്രത്യേക പാക്കേജ് സംബന്ധിച്ച തീരുമാനം കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. കൈവശമുള്ള ഫണ്ടിെൻറ 75 ശതമാനത്തോളം ഈ ജോലികൾക്കായി ചെലവഴിച്ച് കഴിയുമ്പോൾ കോടതിയെ അറിയിക്കണം. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ നിലപാട് അറിയിക്കാൻ അഡീ. സോളിസിറ്റർ ജനറൽ (എ.എസ്.ജി) രണ്ടാഴ്ച സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും 21ന് പരിഗണിക്കാൻ മാറ്റി.
പുനർനിർമാണത്തിന് സംസ്ഥാനവും ഫണ്ട് കണ്ടെത്തണമെന്നും അധിക സഹായത്തിന്റെ കാര്യത്തിൽ കേന്ദ്ര തീരുമാനം പിന്നാലെയുണ്ടാകുമെന്നും അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചതിനെത്തുടർന്നാണ് ജോലികൾ തുടങ്ങാൻ സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകിയത്. നിലവിൽ എല്ലാം കടലാസിൽ മാത്രമാണ്. 75 ശതമാനത്തോളം ഫണ്ട് ചെലവഴിച്ചതായി അറിയിക്കുേമ്പാൾ അപ്പോൾ കൂടുതൽ സഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രത്തിന് നിർദേശം നൽകാം.
ബാങ്ക് വായ്പയുടെ നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളണമെന്നായിരുന്നു കോടതിയുടെ നിർദേശം. ചെറിയ വായ്പയെടുത്തവർക്ക് ആശ്വാസകരമായ നടപടിയെങ്കിലും ഉണ്ടാകണം. എന്നാൽ, വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ബാങ്കുകളെ വിശ്വാസത്തിലെടുക്കണമെന്നായിരുന്നു അഡീ. സോളിസിറ്റർ ജനറലിന്റെ മറുപടി. ബാങ്കുകളെ നഷ്ടത്തിലാക്കാനാവില്ല. എഴുതിത്തള്ളുന്ന വായ്പക്ക് പരിധി വേണം. കോവിഡ് കാലത്തുപോലും വായ്പകൾ എഴുതിത്തള്ളിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, കോവിഡ് കാലത്ത് ബിസിനസ് അടക്കമുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി സ്തംഭിക്കുക മാത്രമാണുണ്ടായതെന്നും പ്രകൃതി ദുരന്തത്തിൽ നാടുതന്നെ ഇല്ലാതാവുകയാണുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. പാലവും റോഡുമടക്കം നിർമിക്കാൻ 120 കോടിയോളം ചെലവഴിക്കേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് ജനറലും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.