സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തിപ്പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈകോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീലസന്ദേശങ്ങൾ അയക്കുന്നതും ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
സഹപ്രവർത്തകയുടെ പരാതിയിൽ തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര സ്വദേശി ആർ. രാമചന്ദ്രൻ നായർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
ശരീരഘടനയെ പുകഴ്ത്തിയതിനു പുറമേ പ്രതി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തതായി യുവതി പരാതിപ്പെട്ടിരുന്നു. ഫോൺ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽനിന്ന് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഇയാൾക്കെതിരെ യുവതി മേലധികാരികൾക്കും കെ.എസ്.ഇ.ബി വിജിലൻസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഒരാൾക്ക് നല്ല ശരീരഘടനയാണെന്ന് പറയുന്നത് ലൈംഗികച്ചുവയോടെയാണെന്ന് പറയാനാവില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, ഈ വാദങ്ങളടക്കം കോടതി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.