ശബരിമലയിലെ 'ഹലാൽ ശർക്കര'യിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറയും വിശദീകരണം തേടി. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമാകണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടും തേടിയ കോടതി, ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്പം, അരവണ നിർമാണത്തിനുള്ള ശർക്കര അടക്കമുള്ള വസ്തുക്കളുടെ ഗുണമേന്മ പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്ന് സർക്കാറും ദേവസ്വം ബോർഡും വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിെൻറ നേതൃത്വത്തിൽ പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയശേഷമാണ് ശർക്കര സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
ഗുണമേന്മ ഉറപ്പുവരുത്തിയാണ് അപ്പവും അരവണയും വിതരണം ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. 2019ൽ ഒാർഡർ ചെയ്ത ശർക്കരയുടെ ചില പാക്കറ്റുകളിലാണ് ഹലാൽ സർട്ടിഫൈഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് നിർമാതാക്കൾ ഇങ്ങനെ ചെയ്യുന്നതെന്നും ദേവസ്വം ബോർഡും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.