വാഹനമിടിച്ച് ഒമ്പതുകാരിയുടെ ദുരവസ്ഥ: സർക്കാർ വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയിൽ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. കണ്ണൂർ മേലെ ചൊവ്വ വടക്കൻകോവിൽ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
സംഭവത്തിൽ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോൾ കാറിടിച്ചുണ്ടായ അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി ബേബി തൽക്ഷണം മരിച്ചിരുന്നു.
ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിർധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടലിനെത്തുടർന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്സ് സെന്ററിന്റെയും റിപ്പോർട്ടും പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് സർക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.