ഐ.എ.എസുകാരുടെയടക്കം വാഹനങ്ങളിൽ മുദ്രയും ബീക്കൺ ലൈറ്റും: വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: ഐ.എ.എസുകാരടക്കം ഉദ്യോഗസ്ഥർ വാഹനങ്ങളിൽ അനധികൃതമായി സർക്കാർ മുദ്രയും ബീക്കൺ ലൈറ്റും ഉപയോഗിക്കുന്നതിൽ സർക്കാറുകളുടെ വിശദീകരണം തേടി ഹൈകോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ വാഹനങ്ങളിൽ സർക്കാർ മുദ്ര ഉപയോഗിക്കുന്നതിനെതിരെ ഉടൻ നടപടി സ്വീകരിക്കാനാകുമോ എന്നും കോടതി ആരാഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസുകളാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടിയത്.
കെ.എം.എം.എൽ എം.ഡിയുടെ വാഹനം ബീക്കൺ ലൈറ്റടക്കം സ്ഥാപിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈകോടതി ഇടപെടുകയായിരുന്നു. മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം സംവിധാനങ്ങൾ വാഹനങ്ങളിൽ പാടുള്ളൂവെന്നായിരുന്നു സർക്കാർ വിശദീകരണം. സർക്കാർ വാഹനങ്ങളിൽ നിയമം മറികടന്ന് സൈറണുകൾ സ്ഥാപിക്കുന്ന കാര്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങളിൽ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് ഗതാഗത കമീഷണറോട് ആരായാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.