പോപുലർ ഫ്രണ്ട് ഹർത്താലിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിവരം തേടി ഹൈകോടതി
text_fieldsകൊച്ചി: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സെപ്റ്റംബർ 23ലെ ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ചികിത്സ വിവരങ്ങൾ തേടി ഹൈകോടതി. ഹർത്താൽ അക്രമത്തിനിരകളായ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെ പിന്തുണയും ആവശ്യമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും അറിയിക്കണം. കുറ്റക്കാർക്കെതിരെ സർക്കാർ വേഗത്തിൽ കൃത്യമായ നടപടിയെടുക്കണമെന്നും കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് ഹരജികൾ പരിഗണിച്ച് കോടതി നിർദേശിച്ചു.
ഹർത്താലിനെത്തുടർന്ന് ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത കേസിലെ ഉത്തരവുപ്രകാരം കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽനിന്ന് തിരിച്ചുപിടിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന് കേസ് പരിഗണിക്കവേ സ്പെഷൽ ഗവൺമെന്‍റ് പ്ലീഡർ അറിയിച്ചു.
ഹർത്താലിൽ ഭയപ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടതി വാക്കാൽ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്കെതിരെ അക്രമം കാട്ടിയാൽ നടപടിയുണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ വേഗമുള്ളതും അക്രമം തടയാൻ പര്യാപ്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്‍റെ തുക ഈടാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ഹർത്താലുമായി ബന്ധപ്പെട്ട് എടുത്ത ഓരോ കേസിലും കണക്കാക്കിയ നഷ്ടത്തിന്റെ ആകെ തുക, ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റ് എത്ര, എത്രപേരുടെ ജാമ്യാപേക്ഷ കോടതിയിലുണ്ട് തുടങ്ങിയ വിവരങ്ങളാണ് അറിയിക്കേണ്ടത്.
നാശനഷ്ടത്തിന്റെ തോത് നിശ്ചയിക്കാൻ ഹൈകോടതി നിശ്ചയിച്ച ക്ലെയിംസ് കമീഷണർക്ക് അടിസ്ഥാന സൗകര്യം ഒരുക്കി നൽകണമെന്ന നിർദേശത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ഹർത്താലിൽ സർക്കാറിനും കെ.എസ്.ആർ.ടി.സിക്കുമുണ്ടായ നഷ്ടത്തിന് പരിഹാരമായി പോപുലർ ഫ്രണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറും 5.20 കോടി രൂപ ആഭ്യന്തര വകുപ്പിൽ കെട്ടിവെക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
തുക കെട്ടിവെച്ചില്ലെങ്കിൽ സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തിൽനിന്ന് റിക്കവറി നടപടിയെടുക്കണമെന്നും നഷ്ടപരിഹാര ക്ലെയിം തീർപ്പാക്കുമ്പോൾ വരുന്ന അധിക ബാധ്യത ഇവർ വഹിക്കണമെന്നും നിർദേശിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിക്കുന്ന നവംബർ എട്ടിനകം സത്യവാങ്മൂലം നൽകാനാന് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.