10 ലക്ഷം മുടക്കി റോഡിലെ കുഴി വലുതാക്കിയ 'മാതൃകാ കുഴിയടപ്പ്': ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: അറ്റകുറ്റപ്പണി നടത്തി മൂന്നാഴ്ചക്കകം റോഡ് തകർന്ന് കുഴികൾ പഴയതിനേക്കാൾ വലുതായ സംഭവത്തിൽ ഹൈകോടതി ഇടപെടൽ. വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് 10 ലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ - മൂന്നാർ റോഡിന്‍റെ തകർച്ച സംബന്ധിച്ച മാധ്യമ വാർത്തകളെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടൽ.
ഇത് സംബന്ധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് അഭിഭാഷകൻ മുഖേന കോടതി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. റോഡ് തകർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ കലക്ടർ വിജിലൻസിന് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയിട്ടുള്ള ഹരജികൾ ഈ ബെഞ്ചാണ് പരിഗണിക്കുന്നത്.
റോഡുകൾ തകർന്നാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ല കലക്ടർക്ക് നടപടിയെടുക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ കലക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തി ആറുമാസത്തിനകം റോഡ് വീണ്ടും തകർന്നാൽ വിജിലൻസ് അന്വേഷിക്കണമെന്ന മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ വിജിലൻസിന് കൈമാറാനുള്ള നിർദേശം.
മാസങ്ങളോളം തകർന്ന് കിടന്ന ആലുവ - മൂന്നാർ ദേശസൽകൃത റോഡിൽ ആലുവ മുതൽ ആനിക്കാട് കവല വരെയും മാറംപള്ളി മുതൽ പാലക്കാട്ടുതാഴം വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് മൂന്നാഴ്ച മുമ്പ് അടച്ചത്. എന്നാൽ ഇവ വീണ്ടും പൊളിഞ്ഞ് വലിയ കുഴികളായി മാറുകയായിരുന്നു.
വാഹനങ്ങൾ കുഴികളിൽ കയറിയിറങ്ങിയാണ് പോകുന്നത്. ചില ഭാഗങ്ങളിൽ വാഹനങ്ങൾക്ക് കയറിപ്പോകാൻ പറ്റാത്തത്ര ആഴത്തിലുള്ള കുഴികളുണ്ട്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മറിയുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾക്ക് തകരാറുകളും സംഭവിക്കുന്നുണ്ട്.
കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ആനിക്കാട് കവലക്ക് സമീപമാണ് കുഴികൾ വലിയതോതിൽ അപകടം ഉണ്ടാക്കുന്നത്. പതിയാട്ട് കവലയിലും പെരിയാർ പോട്ടറിസ് കവലയിലും കുഴികൾ അടച്ചിട്ടില്ല. ഇവിടെയും അപകടം പതിവാണ്. രണ്ടാഴ്ച മുമ്പ് അപകടത്തിൽപ്പെട്ട മധ്യവയസ്കൻ ഇപ്പോഴും ചികിത്സയിലാണ്. റോഡിലെ കുഴികൾ അടക്കുന്നതിനും ഇടക്കിടക്കുള്ള പാച്ച് വർക്കിനും പകരം പൂർണ്ണ തോതിലുള്ള ടാറിങ് ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.