നഴ്‌സുമാരുടെ സമരത്തിന് ഹൈകോടതി വിലക്ക്
text_fieldsകൊച്ചി: ശമ്പള പരിഷ്‌കരണമുൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാർ ഇൗ മാസം അഞ്ചുമുതൽ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. സ്വകാര്യ ആശുപത്രികളും നഴ്സിങ് സ്ഥാപനങ്ങളും ഉൾപ്പെട്ട അസോസിയേഷൻ ഒാഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം ആരോഗ്യമേഖലയെ തകര്‍ക്കുമെന്നായിരുന്നു ഹരജിയിലെ വാദം. എതിർകക്ഷികൾക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് ഉത്തരവായി. കേസ് ഇൗ മാസം അഞ്ചിന് പരിഗണിക്കാൻ മാറ്റി.
നഴ്സുമാരുടെ സേവനത്തെ അവശ്യസർവിസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവർ കൂട്ടത്തോടെ സമരം ചെയ്യുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. 3,79,000 അംഗങ്ങളുള്ള നഴ്‌സുമാരുടെ സംഘടന ശമ്പളവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സമരം ചെയ്യുന്നതായും ഹരജിയിൽ പറയുന്നു. ശമ്പള വിഷയം സര്‍ക്കാറിെൻറ സജീവ പരിഗണനയിലുണ്ട്. വിവിധ തലങ്ങളില്‍ ചര്‍ച്ചയും നടക്കുകയാണ്. ഇതുസംബന്ധിച്ച പ്രത്യേക വിജ്ഞാപനവും സർക്കാർ ഇറക്കിയിരുന്നു.
നഴ്സുമാർ കൂട്ടത്തോടെ സമരത്തിലേർപ്പെട്ടാൽ സ്വകാര്യ ആശുപത്രികളിലെ ഒാപറേഷൻ തിയറ്ററുകളുടെയും എമർജൻസി വാർഡുകളുടെയും പ്രവർത്തനം നിലക്കും. ഡയാലിസിസ് സെൻററുകൾ, ഐ.സി.യു എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കും. സമരം നേരിടാൻ കെസ്മ (കേരള അവശ്യ സർവിസ് നിയമം) പ്രയോഗിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.