ഫിഷറീസ് വി.സി: ചാൻസലറുടെ സെർച്ച് കമ്മിറ്റിക്ക് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച നടപടി ഹൈകോടതി സ്റ്റേ ചെയ്തു. സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തുടർനടപടികൾ ഒരു മാസത്തേക്കാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ സ്റ്റേ ചെയ്തത്. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. രണ്ടാഴ്ചക്കകം ചാൻസലർ അടക്കമുള്ളവർ മറുപടി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. ഹരജിയിൽ വിശദ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, യു.ജി.സിയെ സ്വമേധയാ കക്ഷിചേർത്തു. ഹരജി ആഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും.
ഡോ. കെ. റെജി ജോണിനെ വൈസ് ചാൻസലറായി നിയമിച്ചത് ഹൈകോടതി റദ്ദാക്കിയിരുന്നു. പുതിയ വി.സിയെ നിയമിക്കാതിരുന്നതിനെ തുടർന്ന് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് ചാൻസലർ സർക്കാറിന് കത്ത് നൽകി.
ചാൻസലർക്ക് ഇതിന് അധികാരമില്ലെന്നും സർക്കാറാണ് സെർച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടതെന്നും കാട്ടി മറുപടി നൽകിയെങ്കിലും ജൂൺ 28ന് സെർച്ച് കമ്മിറ്റിയുണ്ടാക്കി ചാൻസലർ വിജ്ഞാപനമിറക്കുകയായിരുന്നു.
കമ്മിറ്റിയുടെ ശിപാർശ പ്രകാരം വി.സിയെ ചാൻസലർ നിയമിക്കണമെന്നല്ലാതെ കമ്മിറ്റി ആര് രൂപവത്കരിക്കണമെന്നത് കുഫോസ് ആക്ടിലോ യു.ജി.സി ആക്ടിലോ പറയുന്നില്ലെന്നാണ് സർക്കാർ വാദം.
സർക്കാർ, സർവകലാശാല ഗവേണിങ് കൗൺസിൽ, ഐ.സി.എ.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്) ഡയറക്ടർ ജനറൽ പ്രതിനിധികളാണ് ഈ കമ്മിറ്റിയിൽ വേണ്ടതെന്നാണ് സർവകലാശാല ആക്ടിലെ വ്യവസ്ഥ.
ഭരണഘടന അനുച്ഛേദം 162 പ്രകാരം സർക്കാറിനാണ് സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുണ്ടാക്കാൻ അധികാരമുള്ളത്. കമ്മിറ്റിയുണ്ടാക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന് സാങ്കേതിക സർവകലാശാല കേസിലെ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ചാൻസലർ രൂപവത്കരിച്ച കമ്മിറ്റിയിൽ യു.ജി.സി, ചാൻസലർ, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ എന്നിവരുടെ പ്രതിനിധികളാണുള്ളത്.
സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്താതെ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടാക്കിയത് നിയമവിരുദ്ധമായതിനാൽ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.