കെ. സുധാകരനെതിരായ കലാപാഹ്വാനക്കേസിൽ ഹൈകോടതി സ്റ്റേ
text_fieldsഎറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടിക്ക് ഹൈകോടതി സ്റ്റേ. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും മുഴുവൻഡ തുടര്‍നടപടികളും സ്റ്റേ ചെയ്തത്. സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി.
സി.പി.എം കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസിന്‍റെ പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം കലാപാഹ്വാനത്തിന് സുധാകരനെതിരെ കേസെടുത്തത്. സുധാകരന് വേണ്ടി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ചന്ദ്രശേഖരനും അഡ്വ. സി.എസ്. മനുവും ഹാജരായി.
രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായിയെടുത്ത കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്ത കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മറ്റു സി.പി.എം നേതാക്കള്‍ക്കും എതിരെ നിരവധി കേസുകള്‍ എടുക്കേണ്ടി വരുമായിരുന്നു. എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ നടത്തിയ പ്രകോപനംമൂലം കെ.പി.സി.സി ആസ്ഥാനം ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ വ്യാപക അക്രമണമാണ് നടന്നത്.
ഭരണഘടനയെ അധിക്ഷേപിച്ച നേതാവിനെ വെള്ളപൂശി വീണ്ടും മന്ത്രിയാക്കിയ ഭരണകൂടമാണിത്. എസ്.എഫ്.ഐ നേതാക്കള്‍ അധ്യാപകര്‍ക്കെതിരെ പരസ്യമായ വധഭീഷണി മുഴക്കിയിട്ട് കേസെടുക്കാത്ത പൊലീസാണ് കേരളത്തിലേത്. വ്യാജരേഖ ചമച്ചവരും ചോദ്യപേപ്പര്‍ ചോര്‍ത്തിയവരും പൊലീസിനെ കായികമായി അക്രമിച്ചവരും പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവരും നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണ്.
ജനകീയ വിഷയത്തില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് തനിക്കെതിരെ കേസെടുത്തത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നത്തില്‍ നിന്നും അതിന്റെ പിന്നിലെ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായിരുന്നു തനിക്കെതിരായ പരാതിയും തുടര്‍ന്നുള്ള പൊലീസ് നടപടിയും. ഇത്തരം ഉമ്മാക്കി കണ്ടാലൊന്നും ഭയക്കുന്നവനല്ല താനല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.