കേരളാ ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: കേരള ബാങ്കിൽ 1850 ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈകോടതി സ്റ്റേ ചെയ്തു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
ഹൈകോടതി ഹരജി പരിഗണിക്കവെ ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമില്ലെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സ്ഥിരപ്പെടുത്തൽ നീക്കം നടക്കുന്നതിന്റെ കത്തിടപാടുകൾ ഉദ്യോഗാർഥി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഫെബ്രുവരി അഞ്ചിന് സമർപ്പിച്ച നിർദേശം സഹകരണ വകുപ്പ് സെക്രട്ടറി ഒമ്പതിന് മടക്കുകയായിരുന്നു. സഹകരണ രജിസ്ട്രാർ അറിയാതെയാണ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സർക്കാറിൽ സ്ഥിരപ്പെടുത്തൽ ശിപാർശ സമർപ്പിച്ചത്. കൂട്ടത്തോടെ ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത സംബന്ധിച്ച ഒരു പഠനവും നടത്തിയതായി കാണുന്നില്ലെന്ന് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
സ്ഥിരപ്പെടുത്തുന്ന കാര്യം സഹകരണ രജിസ്ട്രാർ പരിശോധിക്കുകയോ, ശിപാർശ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരത്തിൽ കൂട്ട സ്ഥിരപ്പെടുത്തൽ നിർദേശം അയക്കുംമുമ്പായി വിശദമായ പഠനം നടത്തേണ്ടതായിരുന്നു. അതും ഉണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചതിനു ശേഷം വേണം ഫയൽ വീണ്ടും സമർപ്പിക്കാനെന്നും സഹകരണ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ക്ലറിക്കൽ തസ്തിക മുതൽ േഡറ്റ എൻട്രി ഓപറേറ്റർ, കലക്ഷൻ ഏജൻറുമാർ, പ്യൂൺ, സെക്യൂരിറ്റി ജീവനക്കാർ തസ്തികളിലാണ് നിയമനം നടത്താനാണ് തീരുമാനിച്ചിരുന്നത്. താൽകാലിക ജീവനക്കാെര സ്ഥിരപ്പെടുത്തുന്നത് വിവിധ ജില്ലകളിൽ ബാങ്ക് മാനേജ്മെന്റ് നേരത്തേ തത്വത്തിൽ അംഗീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി സ്ഥിരപ്പെടുത്തലിന് അംഗീകാരവും നൽകി.
നേരത്തെ, ജില്ല ബാങ്കായിരുന്ന കാലത്ത് സ്ഥിരെപ്പടുത്തിയവരെ കോടതി ഇടപെട്ട് പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവർക്ക് വായ്പയടക്കം ആനുകൂല്യമായി നൽകിയ കോടികളുടെ തുക ബാങ്കുകൾക്ക് കിട്ടാക്കടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.