ശബരിമലയിൽ തീർഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചുതള്ളിയ സംഭവം: രൂക്ഷ വിമർശനവുമായി ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിൽ തീർഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചുതള്ളിയ സംഭവത്തിൽ ഇടപെട്ട് ഹൈകോടതി. ഇതുസംബന്ധിച്ച മാധ്യമവാർത്തകളെ തുടർന്ന് സ്വമേധയ വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഭക്തരെ പിടിച്ചുതള്ളാൻ ഗാർഡിന് അനുമതി നൽകിയിരുന്നോയെന്ന് ദേവസ്വം ബോർഡിനോട് ആരാഞ്ഞു.
മറ്റു പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടായിരുന്നിട്ടും ഒരാൾ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയത്. ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെയാണ് കഴിഞ്ഞത്. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണ വിധേയനായ തിരുവിതാംകൂർ ഗ്രൂപ്പിന് കീഴിലുള്ള മണക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറിനെ ഹരജിയിൽ സ്വമേധയ കക്ഷിചേർത്ത കോടതി, ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമീഷണർക്ക് നിർദേശവും നൽകി.
മകരവിളക്ക് ദിവസം സന്നിധാനത്ത് സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം ഗാർഡ് തീർഥാടകരെ തള്ളിനീക്കിയ സംഭവം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇയാളുടെ ശരീരഭാഷയും മുഖഭാവവുമൊന്നും ശബരിമലയിൽ ജോലി ചെയ്യാൻ അനുയോജ്യമായതല്ലെന്ന് കോടതി വിമർശിച്ചു. അക്രമഭാവത്തോടെയാണ് അയാൾ തീർഥാടകരെ തള്ളിനീക്കിയത്. ഏറെനേരം ക്യൂ നിന്നാണ് തീർഥാടകർ തൊഴാൻ എത്തുന്നത്. ഗാർഡിന്‍റെ പെരുമാറ്റം കോടതിയുടെ മുൻ നിർദേശങ്ങൾ പാലിക്കാതെയാണ്. ഇത്തരം പെരുമാറ്റം പൊലീസും ദേവസ്വം ഓഫിസറും ഇടപെട്ട് തടയണമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ഒട്ടേറെ നിർദേശങ്ങൾ നൽകിയതുമാണ്. ശ്രീകോവിലിന് മുന്നിൽ നിന്ന് തീർഥാടകരെ ഒരു ദയയുമില്ലാതെ തള്ളിനീക്കുന്ന മാധ്യമദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു.
ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷൽ കമീഷണർ റിപ്പോർട്ട് സമർപ്പിച്ചു. തിരക്ക് അമിതമായതോടെ തീർഥാടകരെ വേഗത്തിൽ കടത്തിവിടാൻ നിർദേശം നൽകിയിരുന്നുവെന്നാണ് ദേവസ്വം സെക്യൂരിറ്റി ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്. അരുൺകുമാറിനെ ജോലിയിൽനിന്ന് ഒഴിവാക്കി തിരിച്ചയതായും വ്യക്തമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡ് വേണമെന്നും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും പ്രത്യേക പരിഗണന നൽകണണമെന്നും മുമ്പേ നിർദേശിച്ചിട്ടുള്ളതാണെന്ന് ഓർമിപ്പിച്ച കോടതി, ഹരജി വീണ്ടും 24ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.