ആലുവ - പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി
text_fieldsകീഴ്മാട്: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ആലുവ -പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം കവല വരെ 4.6 കി.മീറ്റർ ദൂരം റോഡിൽ കുഴികളാണെന്ന് കാണിച്ച് കുട്ടമശ്ശേരി ജനകീയ റോഡ് സുരക്ഷ സമിതിക്ക് വേണ്ടി സമിതി ചെയർപേഴ്സൻ മരിയ അബു നൽകിയ ഹരജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്.
21ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടമശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ റോഡ് സുരക്ഷ സമിതി ആലുവ - പെരുമ്പാവൂർ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ജാഥ, ഏകദിന ഉപവാസം തുടങ്ങിയവ നടത്തിയിരുന്നു.
ജില്ല കലക്ടർ, പി.ഡബ്ല്യു.ഡി, ജല അതോറിറ്റി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം നിവേദനങ്ങളും നൽകിയിരുന്നു. റോഡ് ഉപരോധമടക്കം നിരവധി ജനകീയ സമരങ്ങളും നടത്തിക്കഴിഞ്ഞു. എന്നിട്ടും യാതൊരു പരിഹാരവും കാണാതായതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
വർഷങ്ങളായി കുഴികൾ നിറഞ്ഞ റോഡ്, ജൽ ജീവൻ പൈപ്പിടൽ നടത്തിയതോടെയാണ് പാടേ തകർന്നത്. റോഡ് ബി.എം ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കാൻ ഫണ്ട് പാസായിട്ട് കാലങ്ങളായി. പദ്ധതി ആരംഭിക്കാനിരിക്കേയാണ് പൈപ്പിടൽ വന്നത്. ഇതോടെ റോഡ് നവീകരണം തടസ്സപ്പെട്ടു.
കരാറുകാരുടെയും ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ജൽ ജീവൻ പദ്ധതിയുടെ പണികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് കൈമാറാൻ കഴിയാതെ വന്നതിനിടയാക്കിയത്. റോഡ് തിരിച്ച് ലഭിക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് പണി നടത്താനും കഴിയുന്നില്ല. കാൽനട യാത്ര പോലും സാധ്യമാകാത്ത രീതിയിൽ പൊട്ടിപ്പൊളിഞ്ഞ ആലുവ - പെരുമ്പാവൂർ റോഡിൽ ഇതിനോടകം നിരവധി അപകടങ്ങൾ നടന്നുകഴിഞ്ഞു. ഈ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ചിലർ ഇപ്പോഴും അബോധാവസ്ഥയിൽ കഴിയുന്നുണ്ട്. പരിക്കേറ്റ പലർക്കും ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ചെലവായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.