എൽദോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് രേഖകൾ സെഷൻസ് കോടതിയിൽ നിന്ന് ഹാജരാക്കാൻ ഹൈകോടതി നിർദേശം. പരാതിക്കാരിയുടെ മൊഴിയും വാട്സ്ആപ് സന്ദേശങ്ങളടക്കം തെളിവുകളും കേസ് ഡയറിയും ഉൾപ്പെടെ രേഖകൾ ഹാജരാക്കാനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്. എൽദോസിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാറും പരാതിക്കാരിയും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അതേസമയം, പരാതിക്കാരി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണെന്നും ഈ കേസുകളുടെ വിശദാംശങ്ങൾ അറിയണമെന്നും കോടതി പറഞ്ഞു. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. രേഖകൾ ഹാജരാക്കിയെന്ന് സെഷൻസ് കോടതി ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
ആദ്യ പരാതിയിൽ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നും പരാതിക്കാരി 49 കേസിൽ പ്രതിയാണെന്നും എൽദോസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആദ്യ പരാതി നൽകി 14 ദിവസത്തിന് ശേഷമാണ് ലൈംഗിക പീഡനം ഉന്നയിച്ചത്. സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ വന്ന പരാതിക്കാരി പിന്നീട് ഫോണിന്‍റെ പാസ്വേഡ് സംഘടിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു.
ഫോൺ തട്ടിയെടുത്ത ശേഷം ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് തന്‍റെ ഭാര്യയുടെ പരാതിയിൽ കുറുപ്പംപടി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും എൽദോസിന്‍റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, പരാതിക്കാരി നൽകിയ രഹസ്യമൊഴി പരിഗണിക്കാതെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.