രണ്ടു പ്രതികളുടെ വധശിക്ഷ പുനഃപരിശോധിക്കാൻ ഹൈകോടതി
text_fieldsകൊച്ചി: വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ഉറപ്പാക്കും മുമ്പ് ശിക്ഷ ലഘൂകരിക്കേണ്ടതുണ്ടോയെന്ന അന്വേഷണം (മിറ്റിഗേഷൻ അന്വേഷണം) നടത്താൻ ഹൈകോടതി ഉത്തരവിട്ടു.
സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് അമീറുൽ ഇസ്ലാം എന്നിവരുടെ കാര്യത്തിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. ജയിലിൽ കഴിയുന്ന ഇരുവരുടെയും സാമൂഹിക-സാമ്പത്തിക -കുടുംബപശ്ചാത്തലം, മനോനില, ക്രിമിനൽ പശ്ചാത്തലം, പീഡനം, അവഗണന തുടങ്ങിയവ നേരിട്ടതിന്റെ ചരിത്രം തുടങ്ങിയവ പരിശോധിക്കാനാണ് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടത്. ഡൽഹിയിലെ നാഷനൽ ലോ യൂനിവേഴ്‌സിറ്റിയുടെ ഭാഗമായ ‘പ്രോജക്ട് 39 എ’ എന്ന ഏജൻസിയാണ് അന്വേഷണം നടത്തുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന നിനോ മാത്യുവിന്റെ റിപ്പോർട്ട് നൽകാൻ ഏജൻസി അംഗമായ സി.പി. ശ്രുതിയെയും വിയ്യൂർ ജയിലിൽ കഴിയുന്ന അമീറുൾ ഇസ്ലാമിന്റെ റിപ്പോർട്ട് നൽകാൻ മറ്റൊരു അംഗമായ നൂരിയ അൻസാരിയെയുമാണ് ചുമതലപ്പെടുത്തിയത്. ഇവർ രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണം. ഇവർക്ക് പ്രതികളെ ജയിലിൽ സന്ദർശിക്കാനും അഭിമുഖം നടത്താനും ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാനും ജയിൽ അധികൃതർ അനുമതി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഹരജികളിൽ നേരത്തേ രണ്ടു അമിക്കസ് ക്യൂറിമാരെയും നിയോഗിച്ചിരുന്നു.
മിറ്റിഗേഷൻ അന്വേഷണം എന്നാൽ
വധശിക്ഷ ഇളവ് ചെയ്യാൻ മതിയായ മറ്റു കാരണങ്ങളുണ്ടോയെന്ന അന്വേഷണമാണിത്. പ്രതി എങ്ങനെ ക്രിമിനലായി മാറിയെന്നതടക്കമുള്ള വസ്തുതകൾ പരിശോധിക്കും. ആറ്റിങ്ങൽ, പെരുമ്പാവൂർ കേസുകളിൽ പ്രതികളുടെ സാഹചര്യമെന്തെന്ന അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈകോടതി വിലയിരുത്തി.
വധശിക്ഷ നടപ്പാക്കുന്നതിൽ ഹൈകോടതി തീരുമാനമെടുക്കുന്നതുവരെ പ്രോജക്ട് 39 എ അംഗങ്ങൾ നൽകിയ റിപ്പോർട്ടുകൾ ഹൈകോടതി രജിസ്ട്രി മുദ്രവെച്ച കവറിൽ സൂക്ഷിക്കണം. പകർപ്പുകൾ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നൽകണം. അവരും റിപ്പോർട്ട് രഹസ്യമാക്കി വെക്കണം. അപ്പീൽ തീരുമാനിക്കുന്ന അന്തിമഘട്ടത്തിൽ കോടതി ഈ റിപ്പോർട്ടുകൾ പരിഗണിക്കും. ഇതിനു പുറമെ പ്രതികളുടെ മനോനില, തൊഴിൽ, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ സർക്കാറും റിപ്പോർട്ടുകൾ നൽകണം. ഹൈകോടതിയുടെ അനുമതിയോടെയാണ് വധശിക്ഷ നടപ്പാക്കേണ്ടത്. പ്രതികൾ നൽകിയ അപ്പീലുകളും കോടതിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.