വിഴിഞ്ഞം തുറമുഖ പ്രദേശത്തേക്കുള്ള വഴി തടയുന്ന സമരപ്പന്തൽ നീക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതി പ്രദേശത്തേക്കുള്ള വഴി തടയുന്ന വിധം നിർമിച്ച സമരപ്പന്തൽ നീക്കണമെന്ന് ഹൈകോടതി. മാർഗം തടസ്സപ്പെടുത്തുന്ന പന്തൽ നീക്കം ചെയ്യാനായിട്ടില്ലെന്ന് അദാനി ഗ്രൂപ്പും സർക്കാറും അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. പന്തൽ നീക്കാൻ ഉചിത നടപടി എതിർകക്ഷികൾ സ്വീകരിക്കണമെന്നാണ് നിർദേശം. മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസ്സപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ മതിയായ സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസും സർക്കാറും പാലിച്ചിട്ടില്ലെന്ന് കാട്ടി അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ പൊലീസും സർക്കാറുമടക്കം എതിർകക്ഷികൾ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തൊഴിലാളികൾക്കും ജീവനക്കാർക്കും തടസ്സമില്ലാതെ പ്രവേശിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാറും അറിയിച്ചു. എന്നാൽ, വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കവേയാണ് സമരപ്പന്തൽ പൊളിച്ചിട്ടില്ലെന്ന് ഹരജിക്കാരും സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോണിയും അറിയിച്ചത്.
മതിയായ പൊലീസ് സംരക്ഷണം നൽകാൻ സെപ്റ്റംബർ ഒന്നിനാണ് ഇടക്കാല ഉത്തരവ് നൽകിയത്. എന്നാൽ, ഉത്തരവിനുശേഷവും സമരക്കാരുടെ ഇടപെടൽ മൂലം നിർമാണം തടസ്സപ്പെട്ടിരിക്കുകയാണെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹരജി. വാഹനങ്ങൾക്ക് പോകാനാവാത്ത തരത്തിലാണ് റോഡിൽ സമരപ്പന്തലെന്നും ഹരജിക്കാർ വാദിച്ചു. ഹരജി വീണ്ടും ഈമാസം 12ന് പരിഗണിക്കാൻ മാറ്റി.
പൊളിച്ചുമാറ്റില്ല -സമരസമിതി
വിഴിഞ്ഞം: വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചുമാറ്റില്ലെന്ന് സമരസമിതി. ഹൈകോടതി നിർദേശത്തെ നിയമപരമായിത്തന്നെ നേരിടുമെന്ന് ലത്തീൻ അതിരൂപത. സംസ്ഥാന സർക്കാറും അദാനിയും തങ്ങളുടെ സമരപ്പന്തൽ റോഡിലാണ് എന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് സംയുക്ത സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് പറഞ്ഞു.
തങ്ങളുടെ സമരപ്പന്തൽ അല്ല മറിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ജനകീയ സമിതി സ്ഥാപിച്ച സമരപ്പന്തൽ ആണ് റോഡിൽ ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി സമ്പാദിച്ചത്. തങ്ങളുടേത് അതിജീവന സമരം ആണ്. തങ്ങളെ കേൾക്കാത്തവരെ തങ്ങൾക്കും കേൾക്കാൻ താൽപര്യമില്ലെന്ന് ഫാ. തിയോഡേഷ്യസ് പറഞ്ഞു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് വ്യാഴാഴ്ച ലോറികൾ ബാരിക്കേഡിന് മറുവശം വരെ കൊണ്ടുവന്ന് തിരികെ കൊണ്ടുപോയത് ഉൾപ്പടെയുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അദാനി കൊടുക്കുന്ന എല്ലാ മൊഴികൾക്കും തങ്ങൾക്ക് നിന്നുകൊടുക്കാൻ സാധ്യമല്ല എന്നും ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.