മർദിക്കുന്നത് ജോലിയുടെ ഭാഗമല്ലെന്ന് പൊലീസിനോട് ഹൈകോടതി
text_fieldsകൊച്ചി: കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയോ ചെയ്തവരെ മർദിക്കുന്നത് പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈകോടതി. ജസ്റ്റിസ് കെ. ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നിലമ്പൂർ മുൻ എസ്.ഐ സി. അലവി നൽകിയ ഹരജി തള്ളിയാണ് നിരീക്ഷണം.
ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. അതിനാൽ, ഇത്തരം കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല -കോടതി വ്യക്തമാക്കി.
2008ൽ പൊതുജന മധ്യത്തിൽ വെച്ച് തന്നെ അപമാനിച്ചെന്നാരോപിച്ച് സ്ത്രീ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച എടക്കര സ്വദേശി അനീഷ്കുമാറിനെ ചോദ്യം ചെയ്യലിനിടെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അലവിക്കെതിരായ കേസ്. അനീഷിന്റെ നെഞ്ചിലിടിക്കുകയും ചവിട്ടുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അതേ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും അനീഷിന്റെ സഹോദരിയുമായ നിഷക്കും മർദനമേറ്റു. നിഷ ഗർഭിണിയായിരുന്നു. ഇവരുടെ മെഡിക്കൽ റിപ്പോർട്ടുകളിൽ പരിക്കുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു.
വനിത നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ഡിവൈ.എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അനീഷ് നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് എസ്.ഐക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.