ഭാര്യയുടെ സമ്മതമില്ലാതെ വിവാഹ സ്വർണം പണയം വെച്ചു; ഭർത്താവിന്‍റെ തടവും പിഴയും ശരിവെച്ച് ഹൈകോടതി
text_fieldsകൊച്ചി: വിവാഹസമ്മാനമായി ലഭിച്ച സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ പണയം വെച്ചയാൾക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ കാസർകോട് സ്വദേശി നൽകിയ പുനഃപരിശോധനാ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.
2009ലായിരുന്നു ഹരജിക്കാരന്റെ വിവാഹം. ഭർതൃമാതാവ് സമ്മാനമായി സ്വർണം നൽകിയപ്പോൾ അത് ബാങ്ക് ലോക്കറിൽ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഹരജിക്കാരൻ ഇത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസിൽ പരാതി നൽകി. വിവാഹ ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു.
ക്രിമിനൽ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമെന്ന മജിസ്ട്രേട്ട് കോടതിയുടെയും സെഷൻസ് കോടതിയുടെയും കണ്ടെത്തൽ ഹൈകോടതി ശരിവെച്ചു. വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. വിചാരണ കോടതിക്ക് തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.