ഹൈകോടതി വിധി ഭീകരമായിപ്പോയി- അലൻ ഷുഹൈബ്
text_fieldsകോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസിലിന്റെ ജാമ്യം റദ്ദാക്കിയത് ഭീകരമായിപ്പോയെന്ന് അലന്‍ ഷുഹൈബ്. തന്‍റെ സഹോദരനാണ് ജയില്‍ പോയത്. താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നും അലന്‍ ഷുഹൈബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും അലന്‍ പങ്കുവെച്ചു.
താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സാമൂഹികമായ ഒറ്റപ്പെടല്‍ പ്രതീക്ഷിച്ചിരുന്നു. പലരും മിണ്ടാതായത് തനിക്ക് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലില്‍ എന്ന പോലെ പുറത്തും തന്നെ താഹ ചേര്‍ത്തു നിര്‍ത്തി. താഹ തന്നെയാണ് ജാമ്യം റദ്ദാക്കിയ കാര്യം വിളിച്ചറിയിച്ചതെന്നും അലൻ വ്യക്തമാക്കി.
സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയപ്പോള്‍ കണ്ടതും ഒരുമിച്ച് ഭക്ഷണം കഴിച്ചതും അലന്‍ കുറിച്ചിട്ടുണ്ട്. താഹയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് അലന്റെ കുറിപ്പ്.
ഹൈകോടതി ഉത്തരവിന് പിന്നാലെ ഇന്ന് ത്വാഹ കൊച്ചി എന്‍.ഐ.എ കോടതിയിൽ എത്തി കീഴടങ്ങി. ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ത്വാഹ പറഞ്ഞു.
നേരത്തെ 'താഹയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കി രക്ഷപ്പെടുത്താം എന്നു എൻഐഎ പറഞ്ഞതായും അതിന് നിർബന്ധിക്കുന്നതായും അലൻ വ്യക്തമാക്കിയിരുന്നു.
അലന്‍ ഷുഹൈബിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്:
താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന്‍ പണി സ്ഥലത്തും ഞാന്‍ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന്‍ തന്നെയാണ് കൊടുത്തത്.
ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു.
ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.