മാസപ്പടി കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ടോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) ഏജൻസിയുടെ അന്വേഷണം നടക്കുന്നുണ്ടോയെന്ന് ഹൈകോടതി. ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് പ്രതിഫലം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞത്. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് സി.എം.ആർ.എൽ നൽകിയ മൊഴിയിൽ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പണം കൈമാറിയെന്ന് പറയുന്നുണ്ടെന്നും ഇത് അന്വേഷിക്കാൻ എസ്.എഫ്.ഐ.ഒ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സി.എം.ആർ.എല്ലിലെ മൈനോറിറ്റി ഷെയർ ഹോൾഡർ കൂടിയായ ഹരജിക്കാരൻ ആരോപിക്കുന്നു. അനധികൃത കരിമണൽ ഖനനത്തിനു വേണ്ടിയാണ് ഇടപാട് നടന്നിട്ടുള്ളത്. പബ്ലിക് ലിമിറ്റഡ് കമ്പനിയായ സി.എം.ആർ.എല്ലിന്റെ 13.4 ശതമാനം ഓഹരി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കാണ്. സി.എം.ആർ.എൽ 135 കോടിയുടെ തിരിമറി നടത്തിയിട്ടുണ്ടെന്നും കെ.എസ്.ഐ.ഡി.സിക്കും ഇതിന്റെ നഷ്ടമുണ്ടായെന്നും ഹരജിക്കാരൻ വാദിക്കുന്നു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം: ഹരജി ജനുവരി നാലിലേക്ക് മാറ്റി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പുനഃപരിശോധന ഹരജിയാണ് പരിഗണനയിലുള്ളത്.
ഹരജിക്കാരൻ മരിച്ച ശേഷം കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയിൽ സ്വയം പരിശോധന നടത്താമെന്ന് വിലയിരുത്തിയ കോടതി, അമിക്കസ്ക്യൂറിയെ നിയമിച്ച് നിലപാട് തേടിയശേഷം കേസ് തുടരാൻ തീരുമാനിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.