കിഫ്ബിയുടേതല്ലാത്ത മറ്റ് മസാല ബോണ്ടുകളിൽ ഇ.ഡി അന്വേഷണമുണ്ടോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: കിഫ്ബിയുടേതല്ലാത്ത മറ്റ് മസാലബോണ്ടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടോയെന്ന് ഇ.ഡിയോട് ഹൈകോടതി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് വി.ജി. അരുൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദേശം നൽകി. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന് പരിശോധിക്കാനെന്ന പേരിൽ ഒന്നര വർഷമായി ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കിഫ്ബി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നാഷനൽ തെർമൽ പവർ കോർപറേഷൻ, ദേശീയപാത അതോറിറ്റി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ മസാലബോണ്ടുകൾ ഇറക്കിയിട്ടുണ്ടെങ്കിലും അവയെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കിഫ്ബിക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ കോടതിയിൽ ആരോപിച്ചു. മറ്റ് കമ്പനികളെപ്പോലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ടുകൾ ഇറക്കിയത്. കേരളത്തെ ഇക്കാര്യത്തിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം സാഹചര്യമുണ്ടായാൽ വിദേശ കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കും. നാടിന്റെ അടിസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കിഫ്ബിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് മറ്റേതെങ്കിലും മസാലബോണ്ടുകളെക്കുറിച്ച് ഇ.ഡി അന്വേഷിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്.
കേസിൽ സോളിസിറ്റർ ജനറലോ അഡീ. സോളിസിറ്റർ ജനറലോ ഹാജരാകുമെന്നും ഇതിനായി സമയം വേണമെന്നും ഇ.ഡിയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹരജി സെപ്റ്റംബർ 23ന് പരിഗണിക്കാൻ മാറ്റി. കിഫ്ബി മസാലബോണ്ടിന്റെ പേരിൽ ഇ.ഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് മുൻധനമന്ത്രി ഡോ. തോമസ് ഐസക് നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കാൻ മാറ്റി. ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇ.ഡിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.