നിക്ഷേപകർ വന്നു കാലുപിടിക്കട്ടെ, പണം സൗകര്യമുള്ളപ്പോൾ തരുമെന്ന കെ.ടി.ഡി.എഫ്.സി നിലപാട് അംഗീകരിക്കില്ല -ഹൈകോടതി
text_fieldsകൊച്ചി: സ്ഥിര നിക്ഷേപം തിരികെ നൽകാത്ത കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന് (കെ.ടി.ഡി.എഫ്.സി) വീണ്ടും ഹൈകോടതിയുടെ രൂക്ഷ വിമർശനം. നിക്ഷേപകർ തങ്ങളുടെ കടക്കാരാണെന്ന തരത്തിലാണ് കെ.ടി.ഡി.എഫ്.സിയുടെ പെരുമാറ്റം. നിക്ഷേപകർ വന്നു കാലുപിടിക്കട്ടെ, പണം സൗകര്യമുള്ളപ്പോൾ തരും എന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. യഥാർഥ കടക്കാർ തങ്ങളാണെന്ന ബോധ്യം കെ.ടി.ഡി.എഫ്.സിക്ക് വേണം. നിക്ഷേപകർക്ക് വേണ്ടത് ദയയല്ല, സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ച പണമാണ്. 30.72 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നൽകിയ കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സർക്കാറിന്റെ ഗാരന്റിയുള്ളതിനാലാണ് കെ.ടി.ഡി.എഫ്.സിയിൽ ഹരജിക്കാർ പണം നിക്ഷേപിച്ചതെന്ന് കോടതി പറഞ്ഞു. ഈ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്. നിക്ഷേപിച്ച പണത്തിനായി കെഞ്ചേണ്ട കാര്യമൊന്നും ഹരജിക്കാർക്കില്ല. അവകാശമാണ് അവർ ചോദിക്കുന്നത്. അത് നൽകാനുള്ള ബാധ്യത കെ.ടി.ഡി.എഫ്.സിക്കുണ്ട്.
ചൊവ്വാഴ്ച ഹരജി പരിഗണിക്കവെ, വിശദീകരണത്തിന് കെ.ടി.ഡി.എഫ്.സി കൂടുതൽ സമയം ചോദിച്ചത് കോടതിയുടെ വിമർശനത്തിന് ആക്കംകൂട്ടി. പണം തിരിച്ചുനൽകുന്ന കാര്യത്തിൽ 20 ദിവസമായി നടപടിയെടുത്തില്ല. പലിശ സഹിതം മൂന്നു മാസത്തിനകം നൽകാനാവുമോയെന്ന് ചോദിച്ച കോടതി, സർക്കാറിന് നിയന്ത്രണമുള്ള സ്ഥാപനമായിട്ടും നിക്ഷേപകർക്ക് പണം മടക്കിനൽകാനാവാത്തത് വിചിത്രമാണെന്നും വിമർശിച്ചു.
വിശദീകരണത്തിന് മൂന്നാഴ്ചകൂടി കെ.ടി.ഡി.എഫ്.സി തേടിയെങ്കിലും രണ്ടാഴ്ച അനുവദിച്ച കോടതി, ഹരജികൾ പിന്നീടു പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.