ഉയരാത്ത പോളിങ്ങിനപ്പുറം ഉയർന്ന പ്രതീക്ഷ
text_fieldsതിരുവനന്തപുരം: കുറഞ്ഞ പോളിങ് തന്നെയാണ് തെക്കൻ മേഖലയിലെ ആറ് മണ്ഡലങ്ങളിലും മുഖ്യചർച്ച. പോൾ ചെയ്യാതെ പോയ വോട്ടുകൾ മൂന്ന് മുന്നണികളെയും ബാധിക്കുമെങ്കിലും ആർക്കാണ് കൂടുതൽ നഷ്ടമുണ്ടാക്കുക എന്നതാണ് ചോദ്യം. ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിലാണ് ആകാംക്ഷ ഏറെ.
യു.ഡി.എഫിന് നേരിയ മുൻതൂക്കം കൽപിക്കപ്പെട്ട തിരുവനന്തപുരത്ത് അതിൽ മാറ്റംവന്നിട്ടില്ല. എക്കാലവും ശശി തരൂരിനെ തുണക്കാറുള്ള ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ തീരദേശ മേഖലയിൽ പോളിങ്ങിൽ കാര്യമായ കുറവില്ല. ഇത് യു.ഡി.എഫിന് പോസിറ്റീവ് ഘടകമാണ്. പോളിങ്ങിന് ശേഷം സഭാനേതൃത്വം നടത്തിയ പ്രതികരണങ്ങൾ ക്രിസ്ത്യൻ വോട്ടിലേക്ക് കടന്നുകയറാനുള്ള ബി.ജെ.പിയുടെ ചരടുവലി കാര്യമായി ഗുണം ചെയ്തില്ല എന്നതിന്റെ സൂചനയാണ്.
തരൂരിന് മണ്ഡലത്തിൽ മുമ്പത്തെ അത്ര ജനസമ്മതി ഇല്ലെന്നതാണ് യു.ഡി.എഫിന്റെ പ്രതികൂല ഘടകം. തിരുവനന്തപുരത്ത് മത്സരം യു.ഡി.എഫും എൻ.ഡി.എയും തമ്മിലായിരുന്നു. ജയസാധ്യതയുടെ കണക്കുകൂട്ടലിൽ എൽ.ഡി.എഫിന്റെ പന്ന്യൻ രവീന്ദ്രന് ലഭിക്കേണ്ടിയിരുന്ന, ബി.ജെ.പി തോൽക്കാനാഗ്രഹിക്കുന്ന വോട്ടുകൾ തരൂരിലേക്ക് തിരിഞ്ഞിട്ടുണ്ട്.
പോളിങ്ങിലെ ഏഴു ശതമാനത്തിന്റെ കുറവ് വോട്ടർമാരുടെ എണ്ണത്തിൽ വലിയ സംഖ്യയാണ്. അതുകൊണ്ടുതന്നെ ത്രികോണ മത്സരത്തിലെ ചെറിയ അടിയൊഴുക്കുപോലും നിർണായകമാണ്.
മാവേലിക്കരയിൽ പോളിങ് ആറ് ശതമാനത്തോളമാണ് കുറഞ്ഞത്. തുടർച്ചയായി മത്സരിക്കുന്ന കൊടിക്കുന്നിൽ സുരേഷിന് (യു.ഡി.എഫ്) അക്കാര്യത്തിലും ആശങ്ക കൂടുതൽ. കണ്ടുമടുത്ത വോട്ടർമാർ മുഖം തിരിച്ചതാണെങ്കിൽ അട്ടിമറി സ്വപ്നം കാണുകയാണ് എൽ.ഡി.എഫ്. അത്തമൊരു സാധ്യത മുന്നിൽകണ്ട് തന്നെയാണ് സി.പി.ഐ യുവനേതാവ് സി.എ. അരുൺകുമാറിനെ ഇറക്കിയത്. കെ.പി.എം.എസ്, എൻ.എസ്.എസ് എന്നിവയുമായുള്ള അടുപ്പവും മണ്ഡലത്തിലെ വിപുല ബന്ധങ്ങളുമാണ് കൊടിക്കുന്നിലിന്റെ ശക്തി.
കൊല്ലം, ആലപ്പുഴ സീറ്റുകൾ യു.ഡി.എഫ് ഏറെക്കുറെ ഉറപ്പിച്ചതാണ്. പോളിങ്ങിലെ കുറവ് പ്രശ്നമാണെങ്കിലും യു.ഡി.എഫ് കേന്ദ്രങ്ങളിൽ കാര്യമായ ആശങ്കയില്ല. കൊല്ലത്ത് ജനകീയനായ എം.പി എൻ.കെ. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവവമാണ് യു.ഡി.എഫിന്റെ ശക്തി. പ്രേമചന്ദ്രന് ഭൂരിപക്ഷം ലഭിക്കാറുള്ള ന്യൂനപക്ഷ മേഖലകളിൽ മികച്ച പോളിങ് നടന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.
19ലും തോറ്റപ്പോഴും കഴിഞ്ഞ തവണ സി.പി.എമ്മിന്റെ കനൽ കത്തിനിന്ന ഇടമാണ് ആലപ്പുഴ. കോൺഗ്രസ് ഹൈകമാൻഡിലെ പ്രമുഖൻ കെ.സി. വേണുഗോപാൽ വന്നതോടെ കഥ മാറി. ആലപ്പുഴയിൽ വിപുല ബന്ധങ്ങളുള്ള കെ.സി. വേണുഗോപാലിന് ദേശീയ നേതാവെന്ന പെരുമയും ചേരുമ്പോൾ മേൽകൈയുണ്ട്. പോളിങ്ങിന് ശേഷവും അതിൽ മാറ്റമില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
തെക്കൻ മേഖലയിൽ എൽ.ഡി.എഫ് കാര്യമായ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. സിറ്റിങ് എം.പി യു.ഡി.എഫിന്റെ അടൂർ പ്രകാശും എൽ.ഡി.എഫിന്റെ വി. ജോയിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാണ് നടന്നത്. പോളിങ്ങിലെ കുറവ് സിറ്റിങ് എം.പിയോടുള്ള താൽപര്യക്കുറവായി എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. പോളിങ് കുറഞ്ഞ 2014ൽ എൽ.ഡി.എഫിനായിരുന്നു വിജയം.
ആ നിലയിൽ തികഞ്ഞ പ്രതീക്ഷയിലാണ് വി. ജോയ്. അതേസമയം യു.ഡി.എഫ് പ്രതീക്ഷിച്ച പ്രകാരം ന്യൂനപക്ഷ മേഖലകളിൽ വോട്ട് ലഭിച്ചിട്ടുണ്ടെന്ന് കണക്കുകൂട്ടുന്ന അടൂർ പ്രകാശ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രവചനം അസാധ്യമാക്കുന്ന സാഹചര്യത്തിൽ ഒന്നുമാത്രം ഉറപ്പിക്കാം. വിജയം ആർക്കാണെങ്കിലും ഭൂരിപക്ഷം കാര്യമായി പ്രതീക്ഷിക്കേണ്ട.
കഴിഞ്ഞതവണ ശോഭാ സുരേന്ദ്രൻ നേടിയ 2,48,081 വോട്ട് നിലനിർത്തുക കേന്ദ്രമന്ത്രിയെന്ന പെരുമയുമായി എത്തിയ വി. മുരളീധരന് മുന്നിലെ വെല്ലുവിളി കടുത്തതായി മാറ്റിയിട്ടുണ്ട്.
ക്രിസ്ത്യൻ വോട്ട് നിർണായകമായ പത്തനംതിട്ടയിൽ ബി.ജെ.പിയുടെ അനിൽ ആന്റണി പിടിക്കുന്ന വോട്ടിലാണ് എല്ലാവരുടെയും കണ്ണ്. അനിൽ ആൻറണിയെ കൊണ്ടുവരുമ്പോൾ ക്രിസ്ത്യൻ വോട്ടായിരുന്നു ബി.ജെ.പി ലക്ഷ്യം. ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ കുടുങ്ങിയ അനിൽ ആൻറണിക്ക് പ്രതീക്ഷിച്ച ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഇടതുമുന്നണിയുടെ തോമസ് ഐസക് തുടക്കത്തിൽ മുന്നേറി കടുത്ത മത്സരത്തിന്റെ സാഹചര്യം ഒരുക്കിയെങ്കിലും യു.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലത്തിൽ ആന്റോ ആന്റണി കടന്നുകൂടുമെന്നാണ് പോളിങ്ങിന് ശേഷമുള്ള ഫീൽഡ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.