വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് ഉന്നതതല കമ്മിറ്റി; 500 കോടി കടമെടുക്കാൻ അനുമതി
text_fieldsതിരുവനന്തപുരം: വേനൽച്ചൂടിൽ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തുടർനടപടികൾക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നെങ്കിലും ലോഡ് ഷെഡിങ് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകാനാവില്ലെന്ന് വിലയിരുത്തിയ യോഗം കെ.എസ്.ഇ.ബി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻതൂക്കം നൽകണമെന്ന നിലപാടിലെത്തി. പ്രതിസന്ധി മറികടക്കുന്നതിന് 500 കോടി രൂപ കടമെടുക്കാൻ അനുവാദം നൽകി.
മൂന്നു ദിവസമായി പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് കടന്ന സാഹചര്യം യോഗം വിലയിരുത്തി. ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ച സാഹചര്യത്തിൽ മൂന്ന് കമ്പനികളിൽനിന്ന് പഴയ നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയാത്തതുമൂലമുള്ള പ്രതിസന്ധി കെ.എസ്.ഇ.ബി സി.എം.ഡി അറിയിച്ചു. വൈദ്യുതി ഉപഭോഗം വർധിച്ചിരിക്കെ ഇതരസംസ്ഥാനങ്ങളിലെ കമ്പനികളിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു. ഈ സാഹചര്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശിക ഈടാക്കി നൽകാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. എന്നാൽ, സർക്കാറിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇത് ബുദ്ധിമുട്ടാവുമെന്ന് ധനവകുപ്പ് സെക്രട്ടറി അറിയിച്ചു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല കമ്മിറ്റിയിൽ ഊർജം, ധനം അടക്കം പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരും ഉണ്ട്. വിവിധ വകുപ്പുകളുടെ വൈദ്യുതി ചാർജ് കുടിശ്ശിക ഈടാക്കുന്നതടക്കം കെ.എസ്.ഇ.ബിയുടെ വരുമാന ചോർച്ച അടയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് കമ്മിറ്റി മേൽനോട്ടമുണ്ടാവും. ജല അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകേണ്ട കുടിശ്ശികയിൽ 2068.07 കോടി സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുത്തെങ്കിലും തുക ഗഡുക്കളായി നൽകുന്നതുകൊണ്ട് ഗുണമില്ലാത്ത അവസ്ഥയാണ്.
സർക്കാർ സഹായം ലഭിക്കാനുള്ള സാധ്യത മങ്ങിയതിനാൽ പ്രതിസന്ധി നേരിടാൻ അധിക സെസ് ചുമത്തി വരുമാന നഷ്ടം കുറയ്ക്കാനുള്ള വഴികളാവും കെ.എസ്.ഇ.ബി പരിശോധിക്കുക. ഇതിനുള്ള അനുമതിക്കായി റെഗുലേറ്ററി കമീഷനെ സമീപിക്കാൻ സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.