തൂശൂർ പൂരത്തിന്‍റെ ആചാരപരമായ കാര്യങ്ങൾക്ക് കോട്ടംതട്ടരുത്, സുരക്ഷ ഉറപ്പാക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആചാരപരമായ കാര്യങ്ങൾക്ക് കോട്ടംതട്ടാതെയും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്തവിധത്തിലുമായിരിക്കണം തൃശൂർപൂരം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരത്തിന്‍റെ മുന്നൊരുക്ക ചർച്ചക്കായുള്ള ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ പൂരത്തിന്‍റെ സംഘാടനത്തിൽ പാളിച്ച ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. അത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. പൂരത്തിന്‍റെ ശോഭ കെടാത്തവിധത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂരത്തിന് മുമ്പ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപവത്കരിക്കണം. വെടിക്കെട്ട് നടത്തുന്നതിന് ലൈസൻസുകൾ അനുവദിക്കുകയും നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തുകയും വേണം. ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗെസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമുള്ള നിബന്ധനകൾ നടപ്പാക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പ്രായോഗികമായി ചെയ്യാവുന്നവ സംബന്ധിച്ച് ജില്ല ഭരണ സംവിധാനം പൊലീസുമായി ചേർന്ന് പരിശോധന നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ല ഭരണ സംവിധാനം ഉറപ്പുവരുത്തണം. സുരക്ഷ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ല ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാർഗ നിർദേശങ്ങളും എക്േപ്ലാസിവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പൊലീസുമായി ചേർന്ന് ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൂരത്തിനാവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ ഫിറ്റ്നസ്, വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ പൊലീസും ജില്ല ഭരണ സംവിധാനവുമായി ചേർന്ന് കൈക്കൊള്ളണം, വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിൻകാട് മൈതാനത്തും അഗ്നിരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷ ഉപകരണങ്ങളും വിന്യസിക്കണം, അപകടസാധ്യതകൾ മുൻകൂട്ടിക്കണ്ട് പൂരത്തിന് മുമ്പ് മോക്ഡ്രിൽ നടത്തി കരുതൽ നടപടികൾ സ്വീകരിക്കണം തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങൾ.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, റവന്യൂ മന്ത്രി കെ. രാജൻ , ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു , ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, ഇന്‍റലിജൻസ് മേധാവി പി. വിജയൻ, വനം വകുപ്പ് മേധാവി ഗംഗാ സിങ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
- നാട്ടാനകളുടെ ഓണർഷിപ് സർട്ടിഫിക്കറ്റുകൾ സുപ്രീംകോടതിയുടെ 1.11.2018ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തര നടപടി വനം വകുപ്പ് കൈക്കൊള്ളണം.
- പൂരത്തിനാവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ ഫിറ്റ്നസ്, വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ പൊലീസും ജില്ല ഭരണ സംവിധാനവുമായി ചേർന്ന് കൈക്കൊള്ളണം.
- പൂരം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ആരോഗ്യരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്ടർമാർ ജീവനക്കാർ, ആംബുലൻസുകൾ എന്നിവ സജ്ജീകരിക്കണം.
- അടിയന്തര സാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കണം. സർക്കാർ ആശുപത്രികളോടൊപ്പം തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കും അലർട്ട് മെസേജ് നൽകുമ്പോൾ കൃത്യമായി പ്രവർത്തികമാക്കാൻ നിർദേശം നൽകണം.
- വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിൻകാട് മൈതാനത്തും അഗ്നിരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷ ഉപകരണങ്ങളും വിന്യസിക്കണം.
- അപകടസാധ്യതകൾ മുൻകൂട്ടിക്കണ്ട് പൂരത്തിന് മുമ്പ് മോക്ഡ്രിൽ നടത്തി കരുതൽ നടപടികൾ സ്വീകരിക്കണം.
- പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങളുടെ ശേഖരണം, സംസ്കരണം, നഗരപ്രദേശത്തെ നഗരസഭ റോഡുകളുടെ നവീകരണം, ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകൾ, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂർ കോർപറേഷൻ ഉറപ്പാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.