ഹൈ റിച്ച് ഓൺലൈൻ ഷോപ്പി തട്ടിപ്പ്; സർക്കാർ നിലപാട് പ്രതികളെ സഹായിക്കാനെന്ന് ആരോപണം
text_fieldsതൃശൂർ: തൃശൂർ ജില്ലയിലെ ആറാട്ടുപുഴ ആസ്ഥാനമായ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ തട്ടിപ്പിൽ സർക്കാർ നിലപാടുകളിൽ വൈരുധ്യം. മണിചെയിൻ തട്ടിപ്പിന് കമ്പനിയുടെ സ്വത്തുക്കൾ താൽക്കാലികമായി മരവിപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ബഡ്സ് ആക്റ്റ് കോമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗൾ ജില്ല കലക്ടർക്ക് നൽകിയ നിർദേശം നിലനിൽക്കെ കമ്പനി ജി.എസ്.ടി തട്ടിപ്പ് നടത്തിയതായി ചൂണ്ടികാട്ടി എം.ഡിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 750 കോടിയുടെ മണിചെയിൻ തട്ടിപ്പ് ജി.എസ്.ടി വെട്ടിപ്പ് മാത്രമാക്കി മാറ്റുന്നത് തട്ടിപ്പുകാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.
ആളുകളിൽ നിന്ന് നിക്ഷേപം വാങ്ങി മണിചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്നതായി കാട്ടിയുള്ള വടകര സ്വദേശിയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം ചേർപ്പ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പൊലീസ് ആഭ്യന്തര വകുപ്പിന് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ 22നാണ് കമ്പനിയുടെ സ്വത്ത് മരവിപ്പിക്കാനുള്ള ബഡ്സ് ആക്റ്റ് കോമ്പിറ്റന്റ് അതോറിറ്റിയുടെ രേഖാമൂലമുള്ള നിർദേശം തൃശൂർ ജില്ല കലക്ടർക്ക് ലഭിച്ചത്. രണ്ടാഴ്ചയിലധികമായിട്ടും ഈ ഉത്തരവിൽ ഇനിയും തുടർനടപടിയൊന്നും ഉണ്ടായിട്ടില്ല.
ബഡ്സ് ആക്ട് പ്രകാരമുള്ള ഉത്തരവിന് പിന്നാലെയായിരുന്നു ജി.എസ്.ടി വകുപ്പിന്റെ മിന്നൽ നീക്കം. നവംബർ 24ന് കമ്പനിയുടെ ആറാട്ടുപുഴയിലെ ഓഫിസിൽ പരിശോധന നടത്തിയ ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂനിറ്റ് സ്ഥാപനത്തിന്റെ എം.ഡി കെ.ഡി. പ്രതാപനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പനി നടത്തിയത് ഏറ്റവും വലിയ ജി.എസ്.ടി തട്ടിപ്പാണെന്ന് പറയുമ്പോഴും എം.ഡിയെ മാത്രം അറസ്റ്റ് ചെയ്തതും സംശയമുണർത്തുന്നതാണ്.
കമ്പനിയുടെ ഭരണസാരഥ്യത്തിലുള്ള ഡയറക്ടർ കെ.എസ്. ശ്രീനയെ ഒഴിവാക്കിയത് നിയമ നടപടികളടക്കം ഏകോപിപ്പിക്കാൻ അവസരമൊരുക്കാനാണെന്നും ആക്ഷേപമുണ്ട്.പ്രതാപന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയിരുന്നു. 126.54 കോടിയുടെ വെട്ടിപ്പ് കമ്പനി നടത്തിയെന്നാണ് ജി.എസ്.ടി വകുപ്പ് പറയുന്നത്. പരിശോധനക്ക് പിന്നാലെ 51.5 കോടി രൂപ കമ്പനി അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.