ഹൈറിച്ചിന്റെ സ്വത്തുക്കൾ വീണ്ടും ജപ്തി ചെയ്തു
text_fieldsതൃശൂർ: നിക്ഷേപ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ വീണ്ടും ജപ്തി ചെയ്തു. നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി ഹൈറിച്ചിന്റെ സ്വത്ത് ജപ്തിചെയ്ത നടപടി കഴിഞ്ഞ ദിവസം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ നിക്ഷേപമടക്കം പിൻവലിക്കാൻ ഉടമകൾ നീങ്ങുന്നുവെന്ന് മനസ്സിലാക്കിയാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫിസിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് സർക്കാർ നടപടി സ്വീകരിച്ചത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി, ഉടമകളായ കൊല്ലാട്ട് പ്രതാപൻ, ഭാര്യ ശ്രീന എന്നിവരുടെ സ്ഥാവരജംഗമ സ്വത്തുക്കളാണ് നേരത്തേ ജപ്തി ചെയ്തിരുന്നത്. താൽക്കാലിക ജപ്തി 60 ദിവസത്തിനകം സ്ഥിരപ്പെടുത്തണമെന്ന ചട്ടം പാലിച്ചില്ലെന്ന് കാണിച്ചാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ചാണ് കോടതി ജപ്തി നടപടി റദ്ദാക്കി വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, നിയമാനുസൃതം വീണ്ടും ജപ്തി നടപടി സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബാങ്ക് നിക്ഷേപങ്ങളും വാഹനങ്ങളും ഭൂസ്വത്തുക്കളുമടക്കം 260 കോടിയോളം രൂപയുടെ സ്വത്താണ് ജപ്തി ചെയ്തിരുന്നത്.
കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഹൈറിച്ച് ഉടമകൾ പണം പിൻവലിക്കാനൊരുങ്ങുന്നുവെന്ന് ബോധ്യമായതോടെയാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫിസ് അടിയന്തര നടപടി വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത്. തുടർന്ന് സർക്കാർ അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു.
ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ്) ആക്ട് പ്രകാരമുള്ള അതോറിറ്റിയായ അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് കൗൾ വെള്ളിയാഴ്ച രാത്രി 11ഓടെ പുതിയ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പണം പിൻവലിക്കാൻ പ്രതികളെ അനുവദിക്കരുതെന്നുള്ള നിർദേശം ബാങ്കുകൾക്കും വാഹനങ്ങൾ കൈമാറാൻ അനുവദിക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർക്കും സ്വത്ത് കൈമാറ്റവും പണയപ്പെടുത്തലും തടയാൻ രജിസ്ട്രേഷൻ ഐ.ജിക്കും നിർദേശം നൽകി. കലക്ടർ വി.ആർ. കൃഷ്ണതേജയും എ.ഡി.എം ടി. മുരളിയും നാലു റവന്യൂ ഉദ്യോഗസ്ഥരും രാത്രി നാലു മണിക്കൂർ ജോലി ചെയ്താണ് ഉത്തരവുകൾ തയാറാക്കിയത്.
കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പാണ് ഹൈറിച്ചിന്റേതെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയതോതിൽ ലാഭം വാഗ്ദാനംചെയ്തും പണം തട്ടി. കമ്പനിക്ക് കേരളത്തിലെ 78 എണ്ണം ഉൾപ്പെടെ രാജ്യത്ത് 680 ശാഖകൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.