നാല് വര്‍ഷമായി ശമ്പളമില്ല; ഹയര്‍ സെക്കൻഡറി അധ്യാപകര്‍ സമരത്തിലേക്ക്
text_fieldsപെരിന്തല്‍മണ്ണ: നാല് വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച സംസ്ഥാനത്തെ 2500ഒാളം ഹയർ സെക്കൻഡറി അധ്യാപകർ നിയമനാംഗീകാരവും ശമ്പളവും ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക്. പ്ലസ് ടു സീറ്റുകളുടെ കുറവ് പരിഹരിക്കാൻ 2014-, 2015- വർഷങ്ങളിൽ വിവിധ ജില്ലകളിൽ അനുവദിച്ച ഹയർ സെക്കന്‍ഡറി സകൂളിലെ അധ്യാപക-രാണ് സമരത്തിലേക്ക് നീങ്ങുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ ആഗസ്റ്റ് മൂന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് നോൺ അപ്രൂവ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ രണ്ട് വർഷങ്ങളിലായാണ് പുതിയ ബാച്ചുകൾ അനുവദിച്ചത്. ഒറ്റ ഉത്തരവ് പ്രകാരമാണ് സർക്കാർ, എയ്ഡഡ് മേഖലകളിൽ പുതിയ ബാച്ചുകൾ തുടങ്ങിയതെങ്കിലും അധ്യാപക തസ്തിക സൃഷ്ടിച്ചത് സർക്കാർ സ്കൂളുകളിൽ മാത്രമായിരുന്നു. ആദ്യ രണ്ട് വർഷം െഗസ്റ്റ് അധ്യാപക നിയമനം മാത്രമാണ് ഉണ്ടാവുക എന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം 2014, 2015 അധ്യയനവര്‍ഷത്തെ െഗസ്റ്റ് വേതനം നല്‍കാനുള്ള ഉത്തരവ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഇറങ്ങി. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പല അധ്യാപകര്‍ക്കും ആദ്യ രണ്ട് വര്‍ഷത്തെ െഗസ്റ്റ് വേതനം പോലും ലഭിച്ചിട്ടില്ല.
അധ്യാപകര്‍ക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാൻ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തത്ത്വത്തില്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ അത് തടഞ്ഞുവെച്ചു. സ്ഥിരം നിയമനവും തസ്തിക സൃഷ്ടിക്കുന്നതും വൈകുന്തോറും പ്രായപരിധി കവിഞ്ഞ് നിയമനം നേടാന്‍ പല അധ്യാപകര്‍ക്കും സാധിക്കില്ല. ഹൈസ്കൂളില്‍നിന്ന് യോഗ്യത നേടിയ പലരും ക്ലെയിം ഉന്നയിക്കുന്നതോടെ നേരിട്ട് നിയമനം നേടിയ അധ്യാപകര്‍ പുറത്തുപോകേണ്ടി വരുന്ന സ്ഥിതിയും നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കുണ്ടാവും.
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, മനുഷ്യാവകാശ കമീഷന്, ജില്ല കലക്ടര്‍മാര്‍, അധ്യാപക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്ക് കത്ത് നല്‍കുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡൻറ് കെ.എസ്. സുനിമോന്, സെക്രട്ടറി ഇര്‍ഷാദ് പനോളി, ട്രഷറര്‍ എസ്.എസ്. അഭിലാഷ് എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.