മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി; രക്ഷാപ്രവർത്തനത്തിന് കൈത്താങ്ങായി ബി.എസ്.എൻ.എൽ
text_fieldsകൽപ്പറ്റ: ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി രക്ഷാപ്രവർത്തനത്തിന് കൈത്താങ്ങായി ബി.എസ്.എൻ.എൽ. ദുരന്തം നടന്നത് അറിഞ്ഞ ഉടൻ അവിടെ എത്തിയ ബി.എസ്.എൻ.എൽ ജീവനക്കാർ വൈദ്യുതി ഇല്ലാത്തത് കാരണം പ്രവർത്തനം പ്രതിസന്ധിയിലായ മൊബൈൽ ടവറിന്റെ ജനറേറ്ററിന് ആവശ്യമായ ഡീസൽ എത്തിച്ചു.
കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാനായി ടവറിന്റെ കപ്പാസിറ്റി കൂട്ടുകയും ചെയ്തു. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാല അടിസ്ഥാനത്തിൽ 4ജിയിലേക്ക് മാറ്റുകയായിരുന്നു അടുത്ത നടപടി. സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടി ദുരന്തമേഖലയിൽ ബി.എസ്.എൻ.എൽ ലഭ്യമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇൻ്റർനെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും ഇതിനകം കമ്പനി പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
വയനാടിന് കൈത്താങ്ങായി എയർടെല്ലും രംഗത്തെത്തിയിട്ടുണ്ട്. ദുരന്തം മൂലം റീചാർജ് ചെയ്യാൻ സാധിക്കാത്തവർക്ക് മൂന്ന് ദിവസത്തേക്ക് പ്രതിദിനം ഒരു ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്.എം.എസുകളും നൽകുമെന്ന് എയർടെൽ അറിയിച്ചു. പോസ്റ്റ്പെയ്ഡ് ബില്ലുകൾ അടക്കാനുള്ള കാലാവധി നീട്ടുകയും ദുരിതം ബാധിച്ചവർക്ക് വേണ്ടിയുള്ള സഹായം സ്വരൂപിക്കുന്നതിനായി 52 സ്റ്റോറുകളിൽ കളക്ഷൻ പോയിന്റുകൾ ആരംഭിക്കുകയും കമ്പനി ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.