അതിവേഗ റെയിൽ: ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിലിനു വേണ്ടിയുള്ള ഭൂമി തിരക്കുപിടിച്ച് ഏറ്റെടുക്കാനുള്ള നടപടി നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
കേന്ദ്രസർക്കാരിൻെറയും റെയിൽവേ ബോർഡിൻെയും അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്ന റവന്യൂ മന്ത്രിയുടെ നിർദേശത്തെ അട്ടിമറിച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടു പോകുന്നത്. മന്ത്രിസഭയുടെ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു ഉന്നതരുടെ താൽപര്യത്തിനു വേണ്ടി അട്ടിമറി ശ്രമം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
ഏറെ പരിസ്ഥിതി പ്രത്യാഘാതമുള്ള അതിവേഗ റെയിലിൻെറ അലൈൻമെൻറുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടത്താതെ ഒക്ടോബർ 15 മുതൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനമെടുത്തത് എന്തിൻെറ അടിസ്ഥാനത്തിലാണെന്ന് അധികൃതർ വ്യക്തമാക്കണം. ഗതാഗത വകുപ്പിൻെറയും റവന്യൂ വകുപ്പിൻെറയും ഫയൽ ഒരേസമയം തുറന്നുകൊണ്ട് അതിവേഗതയിൽ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് ദുരൂഹതയാണ്.
തിരുവനന്തപുരം ജില്ലയിലെ അലൈൻമെൻറ് സംബന്ധിച്ച് നിലവിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. കൺസൾട്ടൻസികളുടെയും സ്വകാര്യ ഭൂമാഫിയകളുടെയും താൽപര്യത്തിന് കൂട്ടുനിന്നു കൊണ്ട് ഉദ്യോഗസ്ഥവൃത്തം ജനവിരുദ്ധമായ നടപടികളിലേക്ക് കടക്കാനാണ് ശ്രമിക്കുന്നത്.
ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതിവേഗ റെയിൽ അലൈൻമെൻറിനെ സംബന്ധിച്ചും ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ചും വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.