പുതിയ കോഴ്സുകൾക്ക് ഉയർന്ന മാനദണ്ഡം; വടക്കൻ ജില്ലകളിലെ കോളജുകൾ അവഗണിക്കപ്പെടും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാലുവർഷ ഒാണേഴ്സ് ബിരുദ കോഴ്സുകളും അഞ്ച് വർഷ സംയോജിത പി.ജി കോഴ്സുകളും ഇൗ വർഷം ആരംഭിക്കുന്നതിന് ഉയർന്ന മാനദണ്ഡം നിശ്ചയിച്ചത് വിവാദത്തിൽ.കേന്ദ്രസർക്കാറിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻ.െഎ.ആർ.എഫ്) ആദ്യ നൂറ് സ്ഥാനങ്ങളിൽ ഉൾപ്പെടുകയോ 3.26 (എ പ്ലസ്) സ്കോറിൽ കുറയാത്ത 'നാക്' ഗ്രേഡിങ് നേടുകയോ ചെയ്ത കോളജുകളിൽ മാത്രം ഒാണേഴ്സ് കോഴ്സുകളും സംയോജിത പി.ജി കോഴ്സുകളും ശിപാർശ ചെയ്താൽ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് സർവകലാശാലകൾക്ക് നൽകിയ നിർദേശം. ഇൗ നിർദേശം നിലവിൽ ഉന്നതവിദ്യാഭ്യാസ സൗകര്യം കുറഞ്ഞ ജില്ലകൾ ഒന്നടങ്കം അവഗണിക്കപ്പെടാൻ വഴിയൊരുക്കും.
സംസ്ഥാനത്ത് എൻ.െഎ.ആർ.എഫ് റാങ്കിങ്ങിൽ ഉൾപ്പെടുകയോ 3.26 സ്കോറിൽ കുറയാത്ത നാക് ഗ്രേഡിങ്ങോ ഉള്ള 42 കോളജുകളാണുള്ളത്. ഇതിൽ ഒരു എൻജിനീയറിങ് കോളജ് ഉൾപ്പെടെ പത്ത് കോളജുകളും എറണാകുളം ജില്ലയിലാണ്.
തിരുവനന്തപുരത്ത് എട്ടും കോട്ടയത്ത് നാലും കോളജുകളുണ്ട്. വടക്കൻ ജില്ലകളിൽ ഇൗ ഗണത്തിൽ കൂടുതൽ കോളജുകളുള്ളത് കോഴിക്കോട് ജില്ലയിലാണ് -നാല്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹയർസെക്കൻഡറി പാസായി ഉപരിപഠനത്തിന് യോഗ്യത നേടുന്ന മലപ്പുറത്ത് ഒരു എയ്ഡഡ് കോളജിന് മാത്രമാണ് ഇൗ മാനദണ്ഡപ്രകാരം ഒാണേഴ്സ്, ഇൻറഗ്രേറ്റഡ് കോഴ്സുകൾക്ക് അർഹതയുള്ളത്.
വയനാട് ജില്ലയിൽ ഒരു കോളജ് പോലും ഇൗ ഗണത്തിൽ വരുന്നില്ല. പത്തനംതിട്ട -മൂന്ന്, തൃശൂർ -മൂന്ന്, ഇടുക്കി -രണ്ട്, പാലക്കാട് -രണ്ട് (ഒരു ട്രെയിനിങ് കോളജ് ഉൾപ്പെടെ), കാസർകോട് -രണ്ട്, കൊല്ലം -ഒന്ന്, ആലപ്പുഴ -ഒന്ന്, കണ്ണൂർ -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ അർഹതയുള്ള കോളജുകൾ.
മാനദണ്ഡം നാക് ഗ്രേഡിങ് 3.01 സ്കോറിൽ കുറയാതെയുള്ള എ ഗ്രേഡ് ആയി പുനർനിർണയിച്ചാൽ ഇൗ ജില്ലകളിൽനിന്ന് കൂടുതൽ കോളജുകൾ പുതിയ കോഴ്സുകൾക്ക് അർഹത നേടും.എം.ജി സർവകലാശാല വി.സി ഡോ. സാബുതോമസ് അധ്യക്ഷനായ സമിതിയാണ് പുതിയ കോഴ്സുകൾക്കായി ശിപാർശ സമർപ്പിച്ചത്.
ഇതുപ്രകാരം അക്രഡിറ്റേഷനുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽനിന്ന് പുതിയ കോഴ്സുകൾക്കായി അപേക്ഷ ക്ഷണിക്കാൻ നിർദേശിച്ച് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാലകൾക്ക് കഴിഞ്ഞ ദിവസം കത്തുനൽകി. ഇതിലാണ് ഒാണേഴ്സ്, ഇൻറഗ്രേറ്റഡ് കോഴ്സുകൾക്ക് ഉയർന്ന മാനദണ്ഡം നിശ്ചയിച്ചത്. പുതിയ കോഴ്സുകൾക്കായുള്ള സർവകലാശാലകളുടെ ശിപാർശ ഇൗ മാസം 22നകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.