ചൂടൻ കണ്ണൂർ
text_fieldsകണ്ണൂർ: രാജ്യത്തെ ചൂടൻ ജില്ലയായി കണ്ണൂർ. രണ്ടാഴ്ചക്കിടെ അടിക്കടിയുള്ള ദിവസങ്ങളിൽ ജില്ലയിൽ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ജനുവരി അഞ്ചിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോഡ് പ്രകാരം 24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
കണ്ണൂർ വിമാനത്താവളത്തിലെ കാലാവസ്ഥ സ്റ്റേഷനിലാണ് റെക്കോഡ് രേഖപ്പെടുത്തിയത്. ജനുവരി രണ്ട്, ഡിസംബർ 30, 28 ദിവസങ്ങളിലും ചൂടിൽ കണ്ണൂരായിരുന്നു മുന്നിൽ. അറബിക്കടലിലെ ന്യൂനമർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ മഴ പെയ്തതോടെ ചൂടിന് അൽപം ശമനമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ചൂട് കുറവാണെന്ന് കാലാവാസ്ഥ വകുപ്പ് പറയുന്നു. കേരളം, കർണാടകം, തമിഴ്നാട് അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ചൂട് കൂടുതൽ. കഴിഞ്ഞവർഷവും രാജ്യത്തെ ഏറ്റവും ചൂടൻ സ്ഥലങ്ങളുടെ പട്ടികയിൽ കണ്ണൂർ ഉൾപ്പെട്ടിരുന്നു. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്ക്കുന്നതിനാല് അനുഭവവേദ്യമാകുന്ന ചൂട് 45 മുതല്‍ 50 ഡിഗ്രിയോളം എത്തുമെന്നാണ് വിലയിരുത്തൽ.
ഡിസംബർ 30ന് കണ്ണൂരിൽ 37 ഡിഗ്രി ചൂട് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും പുനലൂരും 35.4 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി രാജ്യത്ത് ഒന്നാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.