ഉയർന്ന താപനില മുന്നറിയിപ്പ്; മിണ്ടാപ്രാണികൾക്കും തണലൊരുക്കണം
text_fieldsകണ്ണൂർ: നാടും നഗരവും ഒരുപോലെ പൊള്ളുകയാണ്. പുറത്തിറങ്ങാനാവാത്ത വിധം ചൂട് കൂടുമ്പോൾ മിണ്ടാപ്രാണികൾക്കും തണലൊരുക്കണം. മലപ്പട്ടത്ത് സൂര്യാതപമേറ്റ് പശു ചത്ത സാഹചര്യത്തിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ജില്ലയിൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്നത്.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയിൽ അനുഭവപ്പെടുന്നത്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൃഗങ്ങളെയും ബാധിക്കും. 87 ശതമാനവും വെള്ളം അടങ്ങിയതിനാൽ ചൂടുകാലത്ത് കന്നുകാലികളുടെ പാൽ ലഭ്യതയും കുറയും.
ഉച്ചവെയിലിൽ മേയാൻ വിടരുത്
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നത് ഒഴിവാക്കണം. പാടത്തും പറമ്പിലും രാവിലെ കെട്ടി ജോലിക്കുപോകുന്നവരാണ് മിക്കവരും. ഉച്ചയാകുന്നതിന് മുമ്പു തന്നെ കനത്ത വെയിലാണ് അനുഭവപ്പെടുന്നത്. വയലിൽ സൂര്യപ്രകാശം നേരിട്ടാണ് പതിക്കുന്നത്.
ഇത് മൃഗങ്ങളെ വീഴ്ത്തും. മേയാൻ വിടുന്ന കന്നുകാലികൾ വെയിലത്തല്ലെന്ന് ഉറപ്പിക്കണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. കഴിയുന്നതും തണലിൽ കെട്ടിയിട്ട് പുല്ലും തീറ്റയും നൽകണം. വൈകീട്ടും രാവിലെയും മേയാൻവിടാം. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നുവരെ വെയിലത്ത് കെട്ടരുത്. ആലകളിലും കൂടുകളിലും വായുസഞ്ചാരം ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.