റാഗിങ് കേസിലെ പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: റാഗിങ് കേസിലെ പ്രതികൾക്ക് മേഞ്ചരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം ഹൈകോടതി റദ്ദാക്കി. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിൽ റാഗിങ്ങിനിരയായ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹരജിയിലാണ് ചെമ്മാട് സ്വദേശി മഹ്സൂഫ്, ആക്കപ്പറമ്പ് സ്വദേശി എ.പി. അനസ് എന്നിവരുടെ ജാമ്യം റദ്ദാക്കിയത്. ഇവരെ അറസ്റ്റ് ചെയ്യാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇവരടങ്ങുന്ന സീനിയർ വിദ്യാർഥികളുടെ മർദനത്തിനിരയായ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റിരുന്നു. കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ മഞ്ചേരി സി.ജെ.എം കോടതിയുടെ ചുമതലയുണ്ടായിരുന്ന മജിസ്ട്രേറ്റ് ഇടക്കാല ജാമ്യത്തിൽവിട്ടു. പിന്നീട് സി.ജെ.എം ചുമതലേയറ്റെടുത്തപ്പോൾ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി.
റാഗിങ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. വാഹനാപകടത്തിലാണ് വിദ്യാർഥിക്ക് പരിക്കേറ്റെതന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ, ആദ്യം അങ്ങനെയാണ് തന്നെ ധരിപ്പിച്ചതെന്നും പിന്നീട് ദിവസങ്ങൾക്കുശേഷം ആഘാതത്തിൽനിന്ന് അൽപം മോചിതനായപ്പോൾ മകൻതന്നെയാണ് റാഗിങ്ങിനിരയായ കാര്യം പറഞ്ഞതെന്നും പിതാവ് കോടതിയെ അറിയിച്ചു. ആശുപത്രി രേഖകളും ഹാജരാക്കി.സംഭവത്തെ വളരെ ലാഘവത്തോടെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കൈകാര്യം ചെയ്തതെന്ന് ഹൈകോടതി വിമർശിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധംപോലും കണ്ടെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.