കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ്: അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജോയ്സ് ജോര്‍ജ് എം.പിയും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി.
ബുധനാഴ്ച കേസ് പരിഗണിക്കവേ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോഴാണ് രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന അന്ത്യശാസനം കോടതി നൽകിയത്. ഇത് അവസാന അവസരമാണെന്നും മാര്‍ച്ച് 10നകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിക്കും.
അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പട്ടയങ്ങള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആർ.ഡി.ഒയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് ഒന്നൊഴികെയുള്ള റിപ്പോർെട്ടല്ലാം ലഭിച്ചു. കേസിലെ സാക്ഷികളില്‍നിന്ന് മൊഴിയെടുക്കാന്‍ തൊടുപുഴ കോടതി സമന്‍സ് അയച്ചതായും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. എന്നാൽ, പൊലീസ് കാലാകാലങ്ങളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകൾ പഴയ റിപ്പോർട്ടുകളുടെ പകര്‍പ്പ് മാത്രമാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന് വാദിച്ചു.
ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകേഷ്, എന്‍.കെ. ബിജു എന്നിവർ സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ദേവികുളം പൊലീസ് സ്റ്റേഷനില്‍ അഞ്ച് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം അനുവദിച്ചതാണെന്ന് കോടതി സർക്കാറിനെ ഒാർമിപ്പിച്ചു. അന്വേഷണം അനുവദിച്ച സമയത്തിനകം തീര്‍ത്തില്ലെങ്കില്‍ കേസ് മറ്റേതെങ്കിലും ഏജൻസിക്ക് വിടുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.