എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണം –ഹൈകോടതി
text_fieldsകൊച്ചി: വർഷംതോറും കുറഞ്ഞത് 120 ദിവസം വീതം ജോലി ചെയ്ത് 10 വർഷം സർവിസ് പൂർത്തിയാക്കാത്ത കെ.എസ്.ആർ.ടി.സിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈകോടതി. റിസർവ് കണ്ടക്ടർമാരുടെ തസ്തികയിലേക്ക് പി.എസ്.സി ശിപാർശ ചെയ്തവരുടെ നിയമനത്തിന് അവസരമൊരുക്കാനായി ഒരാഴ്ചക്കകം ഇവരെ പിരിച്ചു വിടണമെന്നാണ് ജസ്റ്റിസ് വി. ചിദംബരേഷ്, ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
ഇതിനുള്ള നടപടി സ്വീകരിച്ചശേഷം കെ.എസ്.ആർ.ടി.സി റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. പി.എസ്.സി റാങ്ക് പട്ടികയിൽ പേരുണ്ടായിട്ടും എംപാനൽ കണ്ടക്ടർമാർ നിലവിലുള്ളതിനാൽ നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാലക്കാട് കഞ്ചിക്കോട് സ്വദേശി ആൻറണി സ്റ്റെജോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
ഉത്തരവുപ്രകാരം നാലായിരത്തോളം എംപാനൽ കണ്ടക്ടർമാർക്ക് ജോലി നഷ്ടമാകും. കെ.എസ്.ആർ.ടി.സിയിലെ റിസർവ് കണ്ടക്ടർ തസ്തികയിലേക്ക് 2013 മേയ് അഞ്ചിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഇവർ നൽകിയ ഹരജി ഒക്ടോബർ 15ന് സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാർ അപ്പീൽ ഹരജി നൽകിയത്.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടും യോഗ്യതയില്ലാത്ത എംപാനലുകാർ സർവിസിൽ തുടരുന്നതായി കോടതി വിലയിരുത്തി. അതിനാൽ, പട്ടികയിൽനിന്ന് പി.എസ്.സി അഡ്വൈസ് ചെയ്ത ഉദ്യോഗാർഥികൾക്ക് നിയമനം നൽകാൻ ഇവരെ ഒഴിവാക്കണമെന്ന് നിർദേശിച്ച കോടതി കേസ് ഇൗമാസം 17ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.