നിപ: ഗൗരവമേറിയ വിഷയം; നടപടികൾ അറിയിക്കണം –ഹൈകോടതി
text_fieldsകൊച്ചി: നിപ വൈറസ് രോഗബാധയും മരണങ്ങളും ഗൗരവമേറിയ വിഷയമെന്ന് ഹൈകോടതി. എത്ര പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചുവെന്നും രോഗബാധ നേരിടാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സര്‍ക്കാറിനോട് നിർദേശിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ആലപ്പുഴ സ്വദേശി മോഹനന് എന്ന മോഹനന് വൈദ്യര്, ജേക്കബ് വടക്കാഞ്ചേരി എന്നിവർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിേയാകൾ പിൻവലിക്കണമെന്നതടക്കം ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഉത്തരവ്.
നിപ വൈറസ് എന്ന ഒന്ന് ഇല്ലെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ബോധപൂർവം ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയാണെന്നുമാണ് ഫേസ്ബുക്ക്, യു-ടൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പ്രചരിപ്പിക്കുന്നതെന്ന് കോഴിക്കോട് സ്വദേശികളും നിയമ വിദ്യാര്‍ഥികളുമായ പി.കെ. അര്ജുന്, എസ്. അജയ് വിഷ്ണു എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിൽ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ഇറക്കി സര്‍ക്കാറുകളുടെ രോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ ഇവർ അട്ടിമറിക്കുകയാണ്.
മരുന്നുകമ്പനികൾക്ക് വേണ്ടിയുള്ള കുപ്രചാരണമാണ് നിപ വൈറസ് ബാധ സംബന്ധിച്ച് നടക്കുന്നതെന്നും ആരോഗ്യവകുപ്പിെൻറയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങൾ തള്ളിക്കളയാനുമാണ് ഇരുവരും ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവരുടെ പ്രചാരണംമൂലം നിരവധി പേർ രോഗബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനിൽക്കുകയാണ്. ഒമ്പത് ലക്ഷത്തോളം പേർ ഇവർ പോസ്റ്റ് ചെയ്ത വിഡിയോകൾ കണ്ടു. ഈ പോസറ്റുകള്‍ പ്രചരിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഭീഷണിയാണ്.
സംസ്ഥാനത്ത് ഇതുവരെ 19 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര് മരിച്ചു. രോഗികളെ പരിചരിച്ച ഒരു നഴ്സും മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിപ വൈറസ് വിഷയത്തിലെ ഇവരുടെ ഫേസ്ബുക്ക്, യു-ടൂബ് പോസ്റ്റുകൾ നീക്കാന്‍ വിവരസാങ്കേതിക നിയമപ്രകാരം ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
സമാന്തര ചികിത്സ നടത്തുന്നതായി അവകാശപ്പെടുന്ന ഇരുവര്‍ക്കും ഇതുസംബന്ധിച്ച് അനുമതിയുള്ളതായി കാണുന്നില്ലെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവർക്കുമെതിരെ ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് നൽകിയിട്ടുള്ള പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.